ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ.

07:16 pm 8/6/2017


ഓവൽ: ശിഖർ ധവാന്‍റ 10-ാം ഏകദിന സെഞ്ചുറിയുടെ പിൻബലത്തിൽ ചാന്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റിന് 321 റൺസ് അടിച്ചൂകൂട്ടി.

125 റൺസ് നേടിയ ധവാന്‍റെ ചിറകിലേറിയാണ് ഇന്ത്യ പറന്നുയർന്നത്. 15 ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഇടംകൈയൻ ഓപ്പണറുടെ ഇന്നിംഗ്സ്. രോഹിത് ശർമ (78), എം.എസ്.ധോണി (63) എന്നിവർ ധവാന് മികച്ച പിന്തുണ നൽകി.

രണ്ടാമതും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റന് വേണ്ടി ഇന്ത്യൻ ഓപ്പണർമാർ മനോഹര ബാറ്റിംഗാണ് പുറത്തെടുത്തത്. രോഹിത്-ധവാൻ സഖ്യം ഒന്നാം വിക്കറ്റിൽ 138 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 78 റൺസ് നേടിയ രോഹിത് മടങ്ങിയതിന് പിന്നാലെ കോഹ്‌ലി (0), യുവരാജ് (7) എന്നിവർ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അഞ്ചാമനായി ധോണി ക്രീസിലെത്തിയതോടെ സ്കോറിംഗ് വേഗം കൂടി. 52 പന്തിൽ ഏഴ് ഫോറും രണ്ടും സിക്സും ഉൾപ്പെട്ടതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്.