ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ഓസീസിന് തകര്‍പ്പന്‍ ജയം

02.24 AM 07-09-2016
ausies_0609പെല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില ആദ്യ മത്സരത്തില്‍ ഓസീസിന് തകര്‍പ്പന്‍ ജയം. 85 റണ്‍സിനാണ് ഓസീസ് വിജയതീരമണിഞ്ഞത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 263 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ദിനേശ് ചാണ്ഡിമല്‍ (58), ചമുര കപുദേഗര (43) എന്നിവര്‍ക്കു മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്, സ്‌കോട് ബോളന്‍ഡ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
നേരത്തെ, സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലാണ് ഓസീസ് റിക്കാര്‍ഡ് സ്‌കോര്‍ സ്വന്തമാക്കിയത്. മാക്‌സ്‌വെല്‍ 145 റണ്‍സ് നേടി പുറത്താകാതെനിന്നു. 65 പന്തില്‍നിന്ന് ഒമ്പത് സിക്‌സറുകളുടെയും 14 ബൗണ്്ടറികളുടെയും അകമ്പടിയോടെയായിരുന്നു മാക്‌സ്‌വെല്ലിന്റെ തേരോട്ടം. ഇതോടെ ട്വന്റി 20യിലെ രണ്്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും മാക്‌സ്‌വെല്‍ സ്വന്തമാക്കി. 156 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ ആരണ്‍ ഫിഞ്ചാണ് റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത്. ഓപ്പണര്‍ സ്ഥാനത്ത് മാക്‌സ്‌വെല്ലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ട്രാവിസ് ഹെഡ് 18 പന്തില്‍നിന്നു 45 റണ്‍സ് നേടി.
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റിക്കാര്‍ഡും ഓസ്‌ട്രേലിയ സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 263 റണ്‍സാണ് ഓസീസ് സ്വന്തമാക്കിയത്. കെനിയക്കെതിരേ ശ്രീലങ്ക നേടിയ 260 റണ്‍സിന്റെ റിക്കാര്‍ഡാണ് ഓസീസ് പഴങ്കഥയാക്കിയത്.