ശ്രീലങ്കയ്‌ക്കെതിരേയുള്ള ട്വന്റി20 പരമ്പര ഓസീസിനു

01.44 AM 10/09/2016
Australia_090916
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടാം ട്വന്റി20യില്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റിനു ജയിച്ചു. 13 പന്ത് അവശേഷിക്കെയായിരുന്നു ഓസീസിന്റെ വിജയം. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരി.
അവസാന അന്താരാഷ്ട്ര മത്സരം കളിച്ച തിലകരത്‌നെ ദില്‍ഷനു ജയത്തോടെയുള്ള ഒരു വിടവാങ്ങല്‍ നല്‍കാന്‍ ലങ്കയ്ക്കായില്ല. ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. ഓസ്‌ട്രേലിയ 17.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടമാക്കി ലക്ഷ്യം മറികടന്നു.
ഗ്ലെന്‍ മാക്‌സ്‌വെലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഓസീസിന് മിന്നും വിജയം സമ്മാനിച്ചത്. 29 പന്തില്‍ 66 റണ്‍സ് നേടിയ മാക്‌സ്‌വെല്ലിനെ പ്രസന്ന ബൗള്‍ഡാക്കുകയായിരുന്നു. അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ദില്‍ഷന്‍ രണ്ട് ഓവറില്‍ എട്ടു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ദില്‍ഷനെ അവര്‍ക്കു നഷ്ടമായി. ഹേസ്റ്റിംഗ്‌സിന്റെ പന്തില്‍ വാര്‍ണര്‍ പിടികൂടുമ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു ദില്‍ഷന്റെ സമ്പാദ്യം.