ന്യൂഡല്‍ഹി : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്നു വിദഗ്ധ സമിതി സുപ്രീം കോടതിയില്‍.
സുപ്രീം കോടതിയുടെ അനുമതിയില്ലാത്തതിനാലാണ് ബി നിലവറ തുറന്നു പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ വൈകുന്നതെന്നും പരിശോധന പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ബി നിലവറ തുറക്കാന്‍ അടിയന്തരമായി ഉത്തരവിടണമെന്നുമാണു വിദഗ്ധസമിതിയുടെ ആവശ്യം. പരിശോധനയുടെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് എം.വി. നായര്‍ അധ്യക്ഷനായ വിദഗ്ധസമിതി സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബി നിലവറ തുറക്കുന്നതു വിശ്വാസത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കള്‍ പൊതുജനങ്ങള്‍ക്കു കൂടി കാണുന്നതിനായി മ്യൂസിയം സ്ഥാപിച്ച് അതില്‍ സൂക്ഷിക്കണമെന്നുംസമിതി കോടതിയോട് ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിലവില്‍ അനുവദിക്കുന്ന 40 കോടി രൂപയേ മ്യൂസിയത്തിനായി വേണ്ടിവരുകയുള്ളുവെന്നും സമിതി ചൂണ്ടിക്കാട്ടി. പൂജയ്ക്കായുള്ള ആഭരണങ്ങള്‍ ക്ഷേത്രത്തില്‍നിന്ന് കൈമാറണമെന്ന ആവശ്യവും എട്ട് പേജുള്ള സത്യവാങ്മൂലത്തില്‍ വിദഗ്ധ സമിതി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ബി ഒഴികെയുള്ള എല്ലാ നിലവറകളിലേയും സ്വത്തുക്കളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി കണക്കെടുപ്പും നടത്തി 45,000 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കി. ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് മൂല്യനിര്‍ണയം നടത്തുന്ന മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായിയും ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തില്‍ മ്യൂസിയം നിര്‍മിക്കുന്നത് വിശ്വാസികള്‍ക്കു പ്രയാസം സൃഷ്ടിക്കാനിടയുള്ളതിനാല്‍ വൈകുണ്ഠം ഓഡിറ്റോറിയമോ ക്ഷേത്ര പരിസരത്തെ മറ്റുസ്ഥലങ്ങളോ പരിഗണിക്കാമെന്നുമാണ് വിദഗ്ധസമിതിയുടെ അഭിപ്രായം. കേസ് അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും.