5:57pm 12/3/2016
ഷാര്‍ജ: മദാമിനടുത്ത് ഹത്ത റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂന്‍(19) എന്നിവരാണ് മരിച്ചത്.
ദുബൈ മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥികളായ ഇവരടക്കം അഞ്ച് സഹപാഠികള്‍ മദാമിലെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്ന് മടങ്ങുമ്പോള്‍ ഇന്നലെ രാത്രി 12നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നാലെ മറ്റൊരു വാഹനം ഇടിച്ച് മറിയുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പേര്‍ക്ക് ചികിത്സ നല്‍കി. അഷ്മിദിന്റെ പിതാവ് അഷ്‌റഫ് ദുബൈയില്‍ റസ്‌റ്റോറന്റ് ബിസിനസ് നടത്തിവരികയാണ്. ഹാജറയാണ് മാതാവ്. സഹോദരങ്ങള്‍: അര്‍ഷദ്, അഫ്‌സല്‍, ഹാഷിര്‍, അജ് വദ്, ഫാത്തിമ. അസ്മിതടക്കം എല്ലാവരും നാട്ടില്‍ അവധിക്ക് പോയിരുന്നു. പരീക്ഷയുള്ളത് കാരണം അഷ്മിദ് ഒരാഴ്ച മുന്‍പ് മടങ്ങിയതാണ്. മദാം ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.