ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ ബോളിവുഡ് താരങ്ങൾ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ്

01:11 pm 3/10/2016
download

ജബൽപൂർ: ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ ബോളിവുഡ് താരങ്ങൾ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. പാകിസ്താൻ താരങ്ങൾ അവരുടെ രാജ്യങ്ങളിൽ പോയി കഴിവ് തെളിയിക്കട്ടെ എന്ന് പ്രഖ്യാപിച്ച സാധ്വി പിന്നീട് ഇന്ത്യൻ താരങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. പാകിസ്താൻ താരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഇന്ത്യൻ താരങ്ങളും പാകിസ്താനിലേക്ക് പോകണമെന്നും അവർ പറഞ്ഞു.

ചില സംഘടനകൾ പാകിസ്താൻ താരങ്ങൾക്ക് നേരെ ഭീഷണി മുഴക്കിയതിനെ തുടർന്ന് ‘അവർ ആർട്ടിസ്റ്റുകളാണ്, ഭീകരരല്ല’ എന്ന് സൽമാൻ ഖാൻ പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സൽമാന്‍റെ നിലപാടിൽ പ്രതിഷേധിച്ചാണ് മൂന്ന് താരങ്ങളും ഇന്ത്യ വിടണമെന്ന് സാധ്വി പറ‍ഞ്ഞത്.

അയൽക്കാരുമായി നല്ല ബന്ധം അനിവാര്യമാണെന്ന് പറഞ്ഞ സാധ്വി പ്രാചി എന്നാൽ ചീത്ത അയൽക്കാരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു.

കശ്മീർ പ്രശ്നത്തിന് ഉത്തരവാദി മഹാത്മാ ഗാന്ധിയാണ്. അതുകൊണ്ട് ഗാന്ധി തന്‍റെ മാതൃകയായിട്ടില്ലെന്നും നാഥുറാം ഗോഡ്സെയയാണ് താൻ സല്യൂട്ട് ചെയ്യുന്നതെന്നും സാധ്വി കൂട്ടിച്ചേർത്തു.