ഷിക്കാഗോയില്‍ ഒറ്റ മാസത്തിനുളളില്‍ നടന്നത് 83 കൊലപാതകങ്ങള്‍

10.26 AM 02-09-2016
unnamed (3)
പി. പി. ചെറിയാന്‍
ഷിക്കഗോ : 1996നു ശേഷം ആദ്യമായി ഷിക്കാഗോ ഒരു മാസത്തിനുളളില്‍ 83 കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2016 ഓഗസ്റ്റ് ഷിക്കാഗോയുടെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതി ചേര്‍ക്കപ്പെടേണ്ട മാസമാണ്.

2016 ജൂലൈ മാസം ഷിക്കാഗോയില്‍ മാത്രം 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസം 83ലേയ്ക്ക് സംഖ്യ ഉയര്‍ന്നു. ഈ വര്‍ഷം ഷിക്കാഗോയില്‍ ഇതുവരെ 478 കൊലപാതകങ്ങള്‍ നടന്നതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ വലിയ നഗരങ്ങളായ ന്യുയോര്‍ക്ക്, ലൊസാഞ്ചലസ് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് മാസം ആകെ 1393 മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. 2015 ഓഗസ്റ്റ് മാസം വെടിയേറ്റ് കൊല്ലപ്പെട്ടവര്‍ 35 ശതമാനമായിരുന്നുവെങ്കില്‍ 2016 ഓഗസ്റ്റ് മാസം 28 ശതമാനമാണ് വര്‍ദ്ധിച്ചത്.

പ്രസിഡന്റ് ഒബാമയുടെ ജന്മദേശമായ ഷിക്കാഗോയില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഉത്കണ്ഠ രേഖപ്പെടുത്തി. നിയമ വാഴ്ചയുടെ തകര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.