ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. ഗീവര്‍ഗീസിന്റെ തിരുന്നാള്‍ ആചരിച്ചു

08:35am 26/4/2016
– ബിനോയി കിഴക്കനടി (പി.ആര്‍.ഒ)
Newsimg1_69350438
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ ലളിതവും ഭക്തിപുരസരവുമായി ആചരിച്ചു. മെയ് 24 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, യേശു ഉയര്‍ത്തെഴുന്നേറ്റതിനുശേഷം 7 പ്രാവശ്യം പ്രത്യക്ഷപ്പെട്ടതെല്ലാം ഞായറാഴ്ചകളിലാണെന്ന പ്രത്യേകത ചൂണ്ടിക്കാണിച്ചുകൊണ്ട് ഞായറാഴ്ചയാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, നമ്മുടെ അധ്യാനഫലത്തിന്റെ ഒരു ഷെയറുമായി ദൈവാലയത്തില്‍ വരണമെന്നും, ക്രിസ്തുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നാം പ്രവര്‍ത്തിക്കുമ്പോഴാണ് നല്ലഫലം പുറപ്പെടുവിക്കുവാന്‍ സാധിക്കുന്നതെന്നും, നിരവധി ബൈബിള്‍ വാക്യങ്ങളുദ്ധരിച്ചുകൊണ്ട് ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. നമുക്ക് അധ്വാനങ്ങള്‍ക്ക് ഫലം തരേണ്ടത് ദൈവമാണെന്നും, അതുകൊണ്ട് ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട്, ദൈവവുമായി പങ്കുവെച്ചുകൊണ്ട്, ദൈവത്തിന്റെ വചനങ്ങള്‍ ശ്രവിച്ച്, അവിടുത്തെ തിരുശരീരങ്ങള്‍ സ്വീകരിച്ച് ശക്തരായിക്കൊണ്ട്, കര്‍ത്താവിന് സാക്ഷികളാകുവാന്‍ പരിശ്രമിക്കണമെന്ന് ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ ഉത്‌ബോധിപ്പിച്ചു. ഈ തിരുന്നാള്‍ നടത്തുന്നതിന്, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവര്‍ നേത്യുത്വം നല്‍കി.