ഷിബിന്‍ വധക്കേസ്: പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

09.57 PM 15-06-2016
shibin-2\
കോഴിക്കോട് നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ടു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
മുസ്!ലിം ലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലും സഹോദരന്‍ മുനീറും ഉള്‍പ്പെടെ പതിനെട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. ഇയാളൊഴികെ പതിനേഴ് പ്രതികളാണ് അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നേരിട്ടത്. വര്‍ഗീയവും രാഷ്ട്രീവുമായ കാരണങ്ങളാല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ ഷിബിന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു.
വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്‍ 151 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. മാരകായുധങ്ങള്‍ ഉള്‍പ്പെടയുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ വെച്ചു. കേസില്‍ 66 സാക്ഷികളെ വിസ്തരിച്ചു. 2015 ജനുവരി 22ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.