09:40am
17/02/2016
മുംബൈ: ഷീന ബോറ കൊലക്കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിക്കെതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ചൊവ്വാഴ്ച അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍.വി. അഡൊണെക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം (ഐ.പി.സി 302), ഗൂഢാലോചന (120 ബി), തെളിവു നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങളാണ് പീറ്റര്‍ മുഖര്‍ജിക്കെതിരെ ചുമത്തിയത്.
52 സാക്ഷികളുടെ മൊഴിയും അതുമായി ബന്ധപ്പെട്ട രേഖകളും കുറ്റപത്രത്തിനൊപ്പം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 32ാം സാക്ഷിയുടെ മൊഴിയും ബന്ധപ്പെട്ട രേഖകളും സീല്‍ചെയ്താണ് സമര്‍പ്പിച്ചത്. പീറ്റര്‍ക്കെതിരെ സി.ബി.ഐ പിന്നീട് ഒരു അനുബന്ധ കുറ്റപത്രംകൂടി സമര്‍പ്പിച്ചേക്കും. പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണ് ഷീന ബോറ. നാലു വര്‍ഷം മുമ്പ് ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റായ്ഗഢ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജിയാണ് മുഖ്യപ്രതി.
ഇന്ദ്രാണിക്കൊപ്പം അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരും കേസില്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ സി.ബി.ഐ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 19നാണ് സി.ബി.ഐ പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തെക്കുറിച്ച് പീറ്റര്‍ക്ക് അറിയാമായിരുന്നുവെന്ന് അന്ന് സി.ബി.ഐ പറഞ്ഞിരുന്നു. ഇന്ദ്രാണി അറസ്റ്റിലായതോടെ അവരെ കൈയൊഴിയാനുള്ള നീക്കത്തിനിടെയാണ് പീറ്റര്‍ അറസ്റ്റിലാകുന്നത്. സാമ്പത്തിക, സ്വത്തുതാല്‍പര്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍.
കൊല്‍ക്കത്തയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ തന്റെ പേരിലുള്ള പോളിസികളുടെ പിന്തുടര്‍ച്ചാവകാശികളായ ഇന്ദ്രാണിയെയും ഇന്ദ്രാണിക്ക് സഞ്ജീവ് ഖന്നയിലുള്ള മകള്‍ വിധിയെയും മാറ്റി പീറ്റര്‍ തന്റെ മക്കളായ രാഹുല്‍, റോബിന്‍ എന്നിവരെ പകരം നാമനിര്‍ദേശം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ലണ്ടനിലും ഇന്ത്യയിലും തന്റെയും ഇന്ദ്രാണിയുടെയും പേരിലുള്ള നിക്ഷപങ്ങളെക്കുറിച്ച് പീറ്റര്‍ വെളിപ്പെടുത്തിയതായും സി.ബി.ഐ അവകാശപ്പെട്ടു. ഷീനയുടെ പേരിലും വിദേശത്ത് നിക്ഷേപങ്ങളുണ്ടെന്ന് സി.ബി.ഐ കണ്ടത്തെിയിട്ടുണ്ട്. വിദേശങ്ങളിലുള്ള നിക്ഷേപങ്ങളെക്കുറിച്ച വിവരത്തിന് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും മറ്റ് രണ്ടു പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.