27-02-2016
ഇന്ന് അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയുടെ സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10.30ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിയോടെ മറൈന്‍ ഡ്രൈവില്‍ അദ്ദേഹം താമസിച്ചിരുന്ന അബാദ് മറൈന്‍ പഌസയില്‍ കൊണ്ടുവരും. പത്ത് വരെ ഫഌറ്റിലെ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും.
കായംകുളം സ്വദേശിയായ രാജേഷ് സിനിമയില്‍ സജീവമായ ശേഷം കൊച്ചിയിലെ ഫഌറ്റിലാണ് താമസം. തിരുവനന്തപുരം കവടിയാര്‍ അമ്പലനഗര്‍ വിനായകയില്‍ കേരള സര്‍വകലാശാല പൊളിറ്റിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ.കെ രാമന്‍ പിള്ളയുടെയും പരേതയായ സുഭദ്രയുടെയും മകനാണ്. വീട്ടമ്മയായ മേഘയാണ് ഭാര്യ. മക്കളില്ല. സഹോദരി ശ്രീരേഖ പിള്ള.
2005ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആണ് ആദ്യ സിനിമ. ട്രാഫിക്, മിലി, വേട്ട എന്നിവയാണ് മറ്റു ചിത്രങ്ങള്‍. പുതിയ ചിത്രം വേട്ട തീയറ്ററില്‍ റിലീസ് ചെയ്തതുപോലും അറിയാതെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്, നാഷനല്‍ ഫിലിം പ്രമോഷന്‍ കൗണ്‍സിലിന്റെ പുരസ്‌കാരം തുടങ്ങി നിരവധി പ്രേക്ഷക, ജനപ്രിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.