സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും

08.52 AM 05-07-2016
094851200_1464954206-Ramadan
കരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വിശ്വാസി സമൂഹം ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞു മൗലവി എന്നിവര്‍ അറിയിച്ചു.
കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ച്ചയാണ് ചെറിയപെരുന്നാള്‍. തിങ്കളാഴ്ച (റമദാന്‍ 29ന്) ചന്ദ്രമാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് സഊദി സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമാനൊഴികെയുള്ള മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ബന്ധപ്പെട്ട മതകാര്യഔഖാഫ് മന്ത്രാലയങ്ങള്‍ അറിയിച്ചത്.
റമദാന്‍ 29ന് മാസപ്പിറവി നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനും ജിസിസി രാഷ്ട്രങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിരുന്നു. അതേ സമയം ഇതര ഗള്‍ഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകി റമദാന്‍ വൃതമാരംഭിച്ച ഒമാനില്‍ ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ മാത്രമേ ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ ആയി പ്രഖ്യാപിക്കുകയുള്ളൂ.
മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ഒമാനില്‍ വ്യാഴാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. ഒമാനൊഴികെയുള്ള ജിസിസി രാഷ്ട്രങ്ങള്‍ക്കു പുറമെ മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ന്യൂസിലാന്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍.