സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്

01.17 AM 06-09-2016
ATM_Robbery_760x400
സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ടെക്‌നോപാര്‍ക്ക് ജീവനക്കാരന്റെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ കവര്‍ന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും എടിഎം തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ സാബിന്‍ സെബാസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായുള്ള മെസേജ് ഇന്ന് രാവിലെയാണ് എത്തിയത്. 32,000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് 10,000 രൂപയാണ് പിന്‍വലിച്ചത്. ഐസിഐസിഐ ബാങ്കിന്റെ കവടിയാര്‍ ബ്രാഞ്ചിലായിരുന്നു അക്കൗണ്ട്. ഉടന്‍ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും പൊലീസുമായി ബന്ധപ്പെയുകയും ചെയ്തു. സാബിന്റെ ശമ്പള അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണം പിന്‍വലിച്ചത് കഴക്കുട്ടത്തുള്ള എടിഎമ്മില്‍ നിന്നാണെന്ന് വ്യക്തമായി. ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് പണം നഷ്ടമായതെന്നറിയാന്‍ രണ്ട് ദിവസമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴക്കൂട്ടം സി.ഐ അജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.