സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്നത് പിണറായി സര്‍ക്കാരിനാപത്തെന്ന് പി.ടി.തോമസ് എം.എല്‍.എ

03:00pm 4/8/2016

പി.പി. ചെറിയാന്‍
unnamed
ഡാളസ്: മുല്ലപ്പെരിയാര്‍ ഡാം, സാന്റിയാഗൊ മാര്‍ട്ടിന്‍ കേസ്സ് തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതു പിണറായി സര്‍ക്കാരിന് ആപത്താണെന്ന് തൃക്കാക്കര എം.എല്‍.എയും, കോണ്‍ഗ്രസ് നേതാവുമായ പി.ടി.തോമസ് അഭിപ്രായപ്പെട്ടു.

ഐ.എന്‍.ഒ.സി.ഐ(കേരള ചാപ്റ്റര്‍) ഡാളസ്‌­ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റസ്‌­റ്റോറന്റില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പി.ടി.തോമസ്.

മുല്ലപ്പെരിയാര്‍ ഡാം ഏതു നിമിഷവും തകരുമെന്ന് വിധിയെഴുതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ പിണറായി, കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു നടത്തിയ ആദ്യ പ്രസ്താവനയില്‍ ഡാമിനെ കുറിച്ചുള്ള അഭിപ്രായം തിരുത്തി പറഞ്ഞതും, ലോട്ടറി മാഫിയാ സാന്റിയാഗൊ മാര്‍ട്ടിന്‍ കേരളത്തിലെ സാധാരണക്കാരന്റെ 60,000 കോടി രൂപ തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ കേസ്സില്‍ മാര്‍ട്ടിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ അതിനെതിരെ കോടതിയില്‍ ഹാജരായി സ്‌­റ്റേ വാങ്ങി കൊടുത്ത ദാമോദരന്‍ വക്കീലിനെ സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായി നിയമിക്കാന്‍ സ്വീകരിച്ച നടപടികളും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരേയും, സാധാരണക്കാരേയും വഞ്ചിക്കുന്നതിന് തുല്യമാണെന്ന് പി.ടി.പറഞ്ഞു.

പിണറായി സര്‍ക്കാര്‍ സ്‌­പോണ്‍സേര്‍ഡ് അക്രമങ്ങളും, അതിനു പ്രേരണ നല്‍കും വിധം നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണെന്ന് പി.ടി.പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി ദൂര്‍ബലമാകുന്നു എന്നു പ്രചരിപ്പിക്കുന്നവര്‍ക്ക് തെറ്റു പറ്റിയെന്ന് സമ്മതിക്കുന്ന സമയം അതിവിദൂരമല്ലെന്നും, ഇന്ത്യയുടെ മതേതരത്വത്തിനും, ജനാധിപത്യത്തിനും എതിരെ ബി.ജെ.പി. ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും, വ്യക്തികളുടേയും, സമൂഹത്തിന്റേയും സ്വാതന്ത്ര്യം അംഗീകരിക്കുന്നതിനും പ്രതിജ്ഞാബന്ധമായിട്ടുള്ള ഇന്ത്യയിലെ ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുന്ന പ്രക്രിയകളില്‍ ഭാഗഭാക്കുകളാകണമെന്നുള്ള അഭ്യര്‍ത്ഥനയോടെയാണ് എം.എല്‍.എ. തന്റെ പ്രസംഗം ഉപസംഹരിച്ചത്.

ഇടുക്കി ലോകസഭാംഗം എന്ന നിലയില്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനുള്ള നിരവധി അവസരം ലഭിച്ചിട്ടും, പ്രയോജനപ്പെടുത്താതിരുന്നത് പാര്‍ലിമെന്റില്‍ നൂറുശതമാനം ഹാജര്‍ വേണമെന്ന ആഗ്രഹം നിറവേറ്റപ്പെടണമെന്ന നിര്‍ബന്ധ ബുദ്ധി ഉണ്ടായിരുന്നതുകൊണ്ടാണ്. ആദ്യമായി അമേരിക്കയിലെത്തിയപ്പോള്‍ ഡാളസ്സിലെ പ്രവര്‍ത്തകരേയും, സ്‌­നേഹിതരേയും കണ്ടുമുട്ടുന്നതിനു അവസരം ഒരുക്കിയ യൂണിറ്റ് ഭാരവാഹികളെ എം.എല്‍.എ. പ്രത്യേകം അഭിനന്ദിച്ചു.

ഈശ്വര പ്രാര്‍ത്ഥനയോടെ യോഗനടപടികള്‍ ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. റീജയന്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത് മുഖ്യാതിഥിയും, പി.ടി. തോമസ് എം.എല്‍.എ, ഓവര്‍സീസ് കോണ്‍ഗ്രസ് കുവൈറ്റ് പ്രസിഡന്റും, നോര്‍ക്കാ വെല്‍ഫെയര്‍ ബോര്‍ഡംഗവുമായ വര്‍ഗീസ് പുതുകുളങ്ങരേയും സദസ്സിന് പരിചയപ്പെടുത്തുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. ഐ.എന്‍.ഒ.സി(ഐ) ടെക്‌­സസ് സംസ്ഥാന സെക്രട്ടറി പി.പി.ചെറിയാന്‍, വര്‍ഗീസ് പുതുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ ജോയ് ആന്റണി, ജെ.പി.ജോണ്‍, അനുപമ സാം, ഫ്രിക്‌­സ് മോന്‍ മൈക്കിള്‍, ബിജു പി.മാത്യു, സേവ്യര്‍, രാജന്‍ മേപ്പുറം, അലക്‌­സ് അലക്‌­സാണ്ടര്‍.തുടങ്ങിയവര്‍ പ്രസംഗിച്ചു