തിരുവനന്തപുരം : സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. മദ്യവര്‍ജ്ജനമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയം. ഇതിനുള്ള നടപടികളാകും എക്സൈസ് വകുപ്പ് തുടക്കത്തില്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. പൂട്ടിയ ബാറുകളുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്നും മദ്യത്തിനെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നുതന്നെ സര്‍ക്കാര്‍ നയം വ്യക്തമാണ്. മദ്യ ഉപേയോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ബോധവല്കരണവും ചര്‍ച്ചകളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയം തിരുത്തില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്‍.ഡി.എഫിന്റെ മദ്യനയം അപ്പോള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു പിണറായി പറഞ്ഞിരുന്നത്.