സക്കീര്‍ ഹുസൈന് സി.പി.എം ഒത്താശ ചെയ്യുന്നു -വി. മുരളീധരൻ

03:55 PM 01/11/2016
images
തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കളമശേരി ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈനെ സി.പി.എം. സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍. ഈ വിഷയത്തില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിന്‍റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും പങ്ക് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

13 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സക്കീര്‍ ഹുസൈനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ഒരാഴ്ചകഴിഞ്ഞിട്ടും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. സി.പി.എമ്മാണ് സക്കീര്‍ ഹുസൈനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുതെന്നും മുരളീധരൻ ആരോപിച്ചു.

കളമശേരിയിലെ സി.പി.എം ഏരിയാ സെക്രട്ടറിയായി സക്കീര്‍ ഹുസൈന്‍ അവരോധിക്കപ്പെട്ടത് ജില്ലയിലെ സി.പി.എം. ഔദ്യോഗിക വിഭാഗത്തിന്‍റെ പരിപൂര്‍ണ പിന്തുണയോടെയായിരുന്നു. സ്‌പോര്‍ട്‌സ് കൗസിലിന്റെ ജില്ലാ പ്രസിഡന്റായി സക്കീര്‍ ഹുസൈനെ തെരഞ്ഞെടുത്തതും ഇയാള്‍ക്ക് ജില്ലാ നേതൃത്വവുമായുള്ള ഉറ്റബന്ധത്തിന് തെളിവാണ്. അതുകൊണ്ടുതന്നെ സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയും ഒത്താശയോടെയും അവര്‍ക്കുവേണ്ടിയുമല്ലാതെ, സി.പി.എമ്മിൽ ഒരു ഏരിയ സെക്രട്ടറിക്ക് ഇത്തരത്തിലൊരു പ്രവത്തിയും നടത്താനാകില്ലെന്നും പത്രകുറിപ്പിൽ മുരളീധരൻ പറഞ്ഞു.

സക്കീര്‍ ഹുസൈനെതിരെ കോൺഗ്രസും യു.ഡി.എഫിലെ മറ്റു ഘടകക്ഷികളും ഒരക്ഷരം മിണ്ടാത്തതിലും ദുരൂഹതയുണ്ട്. സക്കീര്‍ ഹുസൈനെ യു.ഡി.എഫ്. ഭരണകാലത്ത് സംരക്ഷിച്ചിരുന്നത് കോൺഗ്രസിന്‍റെ യുവ എം.എല്‍.എ. ആണെന്ന് ആരോപണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.