സച്ചിന്റെ മകന്റെ പേരില്‍ വ്യാജ ഹാള്‍ടിക്കറ്റ്

12:35pm
18/2/2016
download (2)

ആഗ്ര: ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടക്കുന്ന പരീക്ഷാതട്ടിപ്പിന് ക്രിക്കറ്റ് താരം സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറേയും ആയുധമാക്കി. 1.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന സ്റ്റേറ്റ് ബോര്‍ഡിന്റെ ഹൈസ്‌കൂള്‍ പരീക്ഷയ്ക്ക് വിതരണം ചെയ്യപ്പെട്ടവയില്‍ സച്ചിന്റെ മകന്റെ ചിത്രമുള്ള വ്യാജ ഹോള്‍ടിക്കറ്റും. സംഭവത്തെ തുടര്‍ന്ന്് അഡ്മിറ്റ്കാര്‍ഡിലെ ഫോട്ടോയില്‍ ഒപ്പിട്ട ദുര്‍ഗാ നഗറിലെ അങ്കൂര്‍ ഇന്റര്‍കോളേജിലെ അധികൃതരെ അറസ്റ്റ് ചെയ്തിട്ടുണ്ട.
0025488 എന്ന റോള്‍ നമ്പറുള്ള പ്രവേശന കാര്‍ഡിലാണ് അര്‍ജുന്റെ പാസ്പോര്‍ട്ട് ഫോട്ടോ നല്‍കിയിട്ടുള്ളത്. ‘അര്‍ജുന്‍ സിംഗ്’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. പരീക്ഷ എഴുതുന്നത് യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ തന്നെയാണോ എന്നറിയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ നടപ്പാക്കപ്പെടുന്നില്ലെന്നും 20,000 മോ 30,000 മോ നല്‍കിയാല്‍ കോളേജ് അധികൃതര്‍ തന്നെ വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍ ചെയ്തുതരുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലുള്ള ചിലര്‍ പറയുന്നത്. ഫ്ളൈയിംഗ് സ്‌ക്വാഡ് വന്നാല്‍ പോലും എഴുതുന്നയാള്‍ യഥാര്‍ത്ഥയാളാണോ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ കഴിയാറില്ലെന്നും ഇവര്‍ പറയുന്നു.
പരീക്ഷാതട്ടിപ്പിന്റെ അനേകം വാര്‍ത്തകള്‍ പുറത്തുവന്നിരിക്കെ ഈ അഡ്മിറ്റ് കാര്‍ഡ് സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ പൊതു കോളേജുകളും അവരുടെ പരീക്ഷാ മാഫിയയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം ഈ വിഷയം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആഗ്ര ജില്ലയിലെ സ്‌കൂള്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.