09:47AM 27/6/2016
ഷിക്കാഗോ: യോഗാചാര്യന് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ അനുഗ്രഹം നേടുന്നതിനും, 2017-ല്‍ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന ലോക ഹൈന്ദവസംഗമത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിനും കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന് നായരും, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനും യുണൈറ്റ്ഡ് നേഷന്‍സ് ആസ്ഥാനത്തെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ ചേംബറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.
അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ഭാരതീയമായ പതജ്ഞലി സൂത്രം വിഭാവനം ചെയ്ത യോഗവിദ്യയെ ലോക ജനതയ്ക്കായി സമര്‍പ്പിച്ച് ഐക്യരാഷ്ട്ര സഭയില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു സദ്ഗുരു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മതവിദ്വേഷങ്ങളിലും വിവേചനങ്ങളിലും ഉത്കണ്ഠ പ്രകടിപ്പിച്ച ഗുരു ലോക സമാധാനവും, വിശ്വമാനവീകതയും സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശീലങ്ങളായി പരിശീലിപ്പിക്കുവാന്‍ കെ.എച്ച്.എന്‍.എയോട് നിര്‍ദേശിച്ചു.
കെ.എച്ച്.എന്‍.എയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് 2017-ലെ ഹൈന്ദവ സംഗമത്തില്‍ മുഖ്യാതിഥിയായി സദ്ഗുരു പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് സുരേന്ദ്രന് നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സതീശന് നായര്‍ അറിയിച്ചതാണിത്.