09:30am 01/7/2106
റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത
ജൂലൈ മൂന്നാംതീയതി ഭരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാശ്ശീഹായുടെ ഓര്‍മ്മദിനമാണ്. ഉത്ഥിതനായ മിശിഹായുടെ തുറക്കപ്പെട്ട പാര്‍ശ്വം കാണാന്‍ ഭാഗ്യംലഭിച്ച തോമാശ്ശീഹായുടെ ദൈവാനുഭവത്തിന്റെ അര്‍ത്ഥതലങ്ങളെ മനസിലാക്കിക്കൊണ്ട് സഭയുടെ ഉത്ഭവത്തെക്കുറിച്ചും സീറോ മലബാര്‍ സഭയുടെ അസ്ഥിത്വത്തെക്കുറിച്ചും വിചന്തനം ചെയ്യുക ഈ അവസരത്തില്‍ അനുചിതമാണ്.
എന്താണ് സഭ? സഭ ഒരു ഓര്‍ഗനൈസേഷനോ, അസോസിയേഷനോ അല്ല; മറിച്ച് ഒരു വ്യക്തിയാണ്. ഈശോ മിശിഹാ എന്ന വ്യക്തി. പിതാവായ ദൈവത്തിലേക്കുള്ള യഥാര്‍ത്ഥവഴിയായ ഈശോയുടെ തുടര്‍ച്ചയാണ് സഭ. സഭയുടെ ആരംഭവും അസ്തിത്വവും അവളുടെ നാഥനായ മിശിഹായുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. സഭയുടെ കൂദാശകളുടേയും പ്രത്യേകിച്ച് മാമ്മോദീസായുടേയും വിശുദ്ധ കുര്‍ബാനയുടേയും ഉറവിടം ഈശോയുടെ തുറക്കപ്പെട്ട പാര്‍ശ്വമാണ് (യോഹ. 19;34). ആദ്യത്തെ ആദത്തിന്റെ വാരിയെല്ലില്‍ നിന്ന് ആദ്യമാതാവ് രൂപപ്പെട്ടതുപോലെ, രണ്ടാമത്തെ ആദമായ മിശിഹായുടെ തിരുവിലാവില്‍ നിന്ന് -വാരിയെല്ലുകള്‍ക്കിടയില്‍ നിന്ന്- സഭാ മാതാവ് അസ്തിത്വം സ്വീകരിച്ചു. തിരുവിലാവില്‍ നിന്നൊഴുകിയ വിശുദ്ധജലം മാമ്മോദീസായേയും, തിരുരക്തം വിശുദ്ധ കുര്‍ബാനയേയും സൂചിപ്പിക്കുന്നു.
ഈശോ മിശിഹാ പിതാവായ ദൈവത്തിലേക്കുള്ള വഴിയായി തിരിച്ചറിഞ്ഞ മാര്‍ത്തോമാശ്ശീഹായ്ക്ക് (യോഹ 14: 5-7) ഗുരുവിന്റെ പാര്‍ശ്വത്തില്‍ നിന്ന് ആരംഭിച്ച സഭയാകുന്ന വഴിയെ അടുത്തറിയാനുള്ള ഭാഗ്യം ലഭിച്ചു. ഉത്ഥിതന്റെ തുറക്കപ്പെട്ട പാര്‍ശ്വം തൊട്ടുവിശ്വസിച്ചപ്പോള്‍ തോമസ് സ്പര്‍ശിച്ചത് സഭയെയാണ്, അവള്‍ക്ക് ജീവന്‍ നല്‍കുന്ന കൂദാശകളെയാണ്. ശ്ശീഹ സ്വന്തമാക്കിയത് സഭയോടുള്ള ആഴമായ സ്‌നേഹവും വിശ്വാസവുമാണ്. ഗുരുവിന്റെ പാര്‍ശ്വത്തില്‍ നിന്നും അനുഭവിച്ചറിഞ്ഞ ദൈവസ്‌നേഹത്തിന്റെ ചൂട് നെഞ്ചിലേറ്റി എ.ഡി 52-ല്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ തോമാശ്ശീഹാ സഭയാകുന്ന വഴിയുടെ കവാടം നമുക്കായി തുറന്നുതന്നു.
ക്രിസ്തുശിഷ്യനായ മാര്‍ത്തോമാശ്ശീഹായാല്‍ സ്ഥാപിതമായ സീറോ മലബാര്‍ സഭ രണ്ടായിരത്തോളം വര്‍ഷത്തെ പാരമ്പര്യവും ചരിത്രവും അഭിമാനപൂര്‍വ്വം കാത്തുസൂക്ഷിച്ചുകൊണ്ട് 2052-ല്‍ സഭാസ്ഥാപനത്തിന്റെ രണ്ടായിരാം ആണ്ടിലേക്ക് പ്രവേശിക്കും. ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൗരസ്ത്യസഭയായി വളര്‍ന്നിരിക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മുപ്പത്തിയൊന്ന് രൂപതകളിലായി നാല്‍പ്പതു ലക്ഷത്തില്‍പ്പരം വിശ്വാസികളും രൂപതയുടെ പരിധിയ്ക്ക് പുറത്തായി ഏകദേശം അഞ്ചുലക്ഷത്തോളം വിശ്വാസികളുമുണ്ട്.
ഉത്ഥിതനായ മിശിഹായെ നേരിട്ട് കണ്ട്, അവിടുത്തെ തിരുവിലാവില്‍ തൊട്ട് വിശ്വസിച്ച്, കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞ് അംഗീകരിച്ച അചഞ്ചലമായ വിശ്വാസാനുഭവമാണ് തോമാശ്ശീഹാ നമ്മുടെ പൂര്‍വ്വികര്‍ക്ക് പകര്‍ന്ന് നല്‍കിയത്. ഈ വിശ്വാസ അനുഭവത്തിനുമേലാണ് സീറോ മലബാര്‍ സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. തോമാശ്ശീഹായുടെ ദൈവാനുഭവത്തിന്റെ ആവിഷ്കാരമായ “എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്ന വിശ്വാസ പ്രഘോഷണത്തെ കേന്ദ്രമാക്കിയതാണ് സീറോ മലബാര്‍ സഭയുടെ അസ്തിത്വത്തിന് കാരണമായ കുര്‍ബാനക്രമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിപുരാതനവും ക്രിസ്ത്യന്‍ ആദ്ധ്യാത്മികതയുടെ ബലിഷ്ഠവുമായ അടിത്തറയിന്മേല്‍ പണിതുയര്‍ത്തിയിട്ടുള്ള ഈ കുര്‍ബാനക്രമം ഉപയോഗിക്കുന്നതിലൂടെ സീറോ മലബാര്‍ സഭ ക്രൈസ്തവ മതത്തിന്റെ തായ്‌വേരിനോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നുവെന്നു മാത്രമല്ല, ഈശോയും അപ്പസ്‌തോലന്മാരും ജീവിച്ച യഹൂദ ക്രിസ്ത്യന്‍ ആദ്ധ്യാത്മികതയില്‍ പങ്കുകാരാകുകയും ചെയ്യുന്നു.
“സീറോ’, “മലബാര്‍’ എന്നീ പദങ്ങള്‍ ഈ സഭയുടെ അസ്തിത്വത്തിന്റെ നിദര്‍ശനങ്ങളാണ്. “സീറോ’ (SYRO) എന്ന പദം ക്രൈസ്തവ സഭയുടെ ഊരും പേരും കുടികൊള്ളുന്ന സെമിറ്റിക് സംസ്കാരത്തിലേക്കും അവിടെ രൂപംകൊണ്ട പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലേക്കും സഭയെ ബന്ധിപ്പിക്കുന്നു. “മലബാര്‍’ ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളെയാണ് (കേരളം) സൂചിപ്പിക്കുന്നത്.
സീറോ- മലബാര്‍ സഭയുടെ മഹത്തായ പാരമ്പര്യവും വിശ്വാസവും കൈമുതലായുള്ള സഭാ മക്കള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറിപ്പാര്‍ക്കാന്‍ സര്‍വ്വശക്തനായ ദൈവം അവസരമൊരുക്കിയിരിക്കുകയാണ്. വെറും ഭൗതീകമായ മാനങ്ങള്‍ക്കപ്പുറം ഈ കുടിയേറ്റങ്ങള്‍ക്കെല്ലാം ആത്മീയമായ ഇടപെടലുകളും ദൈവീകമായ ഉത്തരവാദിത്വങ്ങളും ഉണ്ടെന്നു നാം തിരിച്ചറിയണം. വിശുദ്ധ തോമാശ്ശീഹായുടെ പ്രേക്ഷിത തീക്ഷണതയും വിശ്വാസാനുഭവവും കൈമുതലാക്കി, നാം ആയിരിക്കുന്ന ഇടങ്ങളില്‍ മിശിഹായ്ക്ക് സാക്ഷ്യംവഹിക്കാനും, ക്രിസ്തുസഭയെ പടുത്തുയര്‍ത്തുവാനും ഇളംതലമുറയെ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനും, ചുറ്റുമുള്ള ക്രിസ്തുശിഷ്യരെ വിശ്വാസദാര്‍ഢ്യത്തിലേക്കു കൊണ്ടുവരുവാനും, സീറോ മലബാര്‍ സഭാതനയര്‍ക്ക് സാധിക്കേണ്ടിയിരിക്കുന്നു. മാതൃസഭയെ അടുത്തറിയാനും സ്‌നേഹിക്കാനും അവളുടെ പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്ത് പങ്കാളികളാകാനുമുള്ള കരുത്തും പ്രചോദനവും നല്കട്ടെ ഈവര്‍ഷത്തെ ദുക്‌റാന തിരുനാള്‍.