സഭാ പിതാവായ വിശുദ്ധ എഫ്രേമിനെ അനുസ്മരിക്കുമ്പോള്‍…..

– റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത
Newsimg1_95260772
“പരിശുദ്ധാത്മാവിന്റെ വീണ’, “കിഴക്കിന്റെ സൂര്യന്‍’ എന്നീ വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന സുറിയാനി സഭാ പിതാവായ വിശുദ്ധ എഫ്രേമിന്റെ ഓര്‍മ്മ ദിനമാണ് ജൂണ്‍ 9. വിദ്യ അഭ്യസിക്കുന്ന എല്ലാവരുടേയും മധ്യസ്ഥനായിട്ടാണ് വിശുദ്ധ എഫ്രേം സാര്‍വത്രിക സഭയില്‍ വണക്കപ്പെടുന്നത്. ക്രിസ്തുവര്‍ഷം 306-ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ നിസിബിസ് പട്ടണത്തില്‍ ജനിച്ച എഫ്രേം, 373 ജൂണ്‍ ഒമ്പതാം തീയതി എദ്ദേസായില്‍ മരിച്ചു. ക്രിസ്തുവിജ്ഞാനീയത്തില്‍ അഗാധമായ പാണ്ഡിത്യത്തിന് ഉടമയായ വിശുദ്ധ എഫ്രേം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും നിസിബിസ് കേന്ദ്രമാക്കിയുള്ള സഭയില്‍ സത്യവിശ്വാസ പ്രബോധകനായും, ബൈബിള്‍ വ്യാഖ്യാതാവായും, ആരാധനക്രമ ഗീതങ്ങളുടെ രചയിതാവായും സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തു. ക്രിസ്തുവിന്റെ ദൈവത്വത്തെ തള്ളിപ്പറഞ്ഞ ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരേ സന്ധിയാല്ലാ സമരം ചെയ്ത്. വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിക്കാന്‍ എഫ്രേം അഹോരാത്രം അദ്ധ്വാനിച്ചു.

റോമന്‍ അധീനതയിലായിരുന്ന നിസിബിസിനെ എ.ഡി 363 -ല്‍ പേര്‍ഷ്യക്കാര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയപ്പോള്‍ നേരിടേണ്ടിവന്ന ഭീകരമായ മതമര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെട്ട്, എഫ്രേം തദ്ദേശീയരായ നൂറുകണക്കിന് ക്രിസ്തുവിശ്വാസികളോടൊപ്പം, നിസിബിസ് പട്ടണത്തിന് ഏകദേശം നൂറുമൈല്‍ വടക്കുള്ള എദ്ദേസായില്‍ എത്തുകയും സത്യവിശ്വാസത്തിനെതിരേയുള്ള അബന്ധപ്രബോധനങ്ങള്‍ക്കെതിരെ തന്റെ യുദ്ധം തുടരുകയും ചെയ്തു. മാര്‍സിയോണിസം, ബര്‍ദായിസാനിസം, മനിക്കേയിസം, ആര്യനിസം എന്നീ പാഷണ്ഡതകളുടെ തെറ്റായ പഠനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച്, എഫ്രേം സത്യവിശ്വാസത്തിന്റെ പ്രബോധകനും സംരക്ഷകനുമായി.

പാഷണ്ഡതകള്‍ ഉയര്‍ത്തിയ വെല്ലുവിളികളേയും അബദ്ധപ്രചാരണങ്ങളേയും തന്റെ തൂലികകൊണ്ടാണ് എഫ്രേം പ്രതിരോധിച്ചത്. തെറ്റായ പ്രബോധനങ്ങള്‍ക്കിടയില്‍പ്പെട്ട് നട്ടംതിരിഞ്ഞ ക്രിസ്തുസഭയെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പരിശുദ്ധാത്മാവായ ദൈവം എഫ്രേമിനെ ഉപകരണമാക്കി. എഫ്രേമിന്റെ തൂലികയില്‍ നിന്നു പിറന്നുവീണ കൃതികള്‍ എണ്ണമറ്റവയാണ്. അവയെല്ലാം സത്യവിശ്വാസത്തിന്റെ നേര്‍രേഖകളായും സുറിയാനി സഭകളുടെ ആത്മീയതയുടെ നെടുംതൂണുകളായും നിലകൊള്ളുന്നു. അഞ്ചാം നൂറ്റാണ്ടില്‍ സഭയിലുണ്ടായ എല്ലാ വിഭജനങ്ങള്‍ക്കും മുമ്പാണ് വിശുദ്ധ എഫ്രേമിന്റെ കാലഘട്ടം എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ എല്ലാ സഭകള്‍ക്കും സ്വീകാര്യമാണ്. എല്ലാ സഭകളുടേയും പൊതുസ്വത്തായി വിശുദ്ധ എഫ്രേം അംഗീകരിക്കപ്പെടുന്നു.

എഫ്രേമിന്റെ രചനകളുടെ പ്രധാന്യവും ആധികാരികതയും അംഗീകരിച്ചുകൊണ്ട് സത്യവിശ്വാസത്തിന്റെ കാവലാളായ അദ്ദേഹത്തെ ബെനഡിക്ട് പതിനഞ്ചാം മാര്‍പാപ്പ 1920 ഒക്‌ടോബര്‍ അഞ്ചാംതീയതി “ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്’ ആയി പ്രഖ്യാപിച്ചു. സഭാ പിതാക്കന്മാരില്‍ അഗ്രഗണ്യരായ മാര്‍ അത്തനാസിയൂസ്, മഹാനായ മാര്‍ ബേസില്‍, നീസായിലെ മാര്‍ ഗ്രിഗറി, നസിയാന്‍സുസിലെ മാര്‍ ഗ്രിഗറി എന്നിവരോടൊപ്പമാണ് മാര്‍ എഫ്രേം വിലമതിക്കപ്പെടുന്നത്.

എഫ്രേമിയന്‍ പ്രബോധനങ്ങളുടെ ആനുകാലിക പ്രസക്തി

വിശ്വാസജീവിതത്തെ കാര്യമായി പരിഗണിക്കാത്തവര്‍ക്കും, വിശ്വാസ സത്യങ്ങളുടെ ആഴങ്ങള്‍ മനസ്സിലാക്കാതെ നൈമിഷികങ്ങളായ വൈകാരിക അനുഭൂതികളില്‍ ആത്മീയ സംതൃപ്തി കണ്ടെത്തുവാന്‍ ഓടുന്നവര്‍ക്കും വിശുദ്ധ എഫ്രേമിന്റെ പ്രബോധനങ്ങള്‍ പുനര്‍വിചിന്തനത്തിന് കാരണമാകണം. സഭാ പിതാക്കന്മാര്‍, പ്രത്യേകിച്ച് വിശുദ്ധ എഫ്രേം, തങ്ങളുടെ മഹത്തായ കൃതികളിലൂടെ അവതരിപ്പിച്ചിരിക്കുന്ന വിശ്വാസസത്യങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കുന്നവര്‍ക്ക് മാത്രമേ ക്രിസ്തുവിശ്വാസത്തിന്റെ ആഴങ്ങള്‍ ഗ്രഹിക്കാനാകൂ. ഉപരിപ്ലവമായ ആത്മീയ അനുഭൂതികള്‍ക്കപ്പുറം വിശ്വാസ സത്യങ്ങളുടെ വിലപ്പെട്ട നിധികള്‍ സ്വന്തമാക്കാന്‍ ആഴങ്ങളിലേക്ക് വലയിറക്കാന്‍ നാം തയാറാകണം. സഭാ പിതാക്കന്മാരുടെ കൃതികളില്‍ ഇതള്‍വിരിഞ്ഞിരിക്കുന്ന സത്യവിശ്വാസത്തിന്റെ വ്യാഖ്യാനങ്ങളില്‍മേലാണ് സഭയുടെയും അവളുടെ ജീവനാഡിയായ ആരാധനക്രമവുമെല്ലാം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതും ഫലംചൂടി നില്‍ക്കുന്ന സത്യം. അവയെ വിലമതിക്കാതെ, തികച്ചും വ്യക്തിപരമായ അഭിനിവേശങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അമിത പ്രധാന്യം നല്‍കുന്നവര്‍ സഭയുടെ അടിസ്ഥാന പ്രമാണങ്ങളെ തമസ്കരിക്കുന്നവരും, വിശ്വാസത്തിന്റെ സത്യമാര്‍ഗ്ഗത്തില്‍ നിന്ന് അകലംപാലിക്കുന്നവരുമാണ്. ഇക്കൂട്ടര്‍ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കത്തെയും മറ്റു വിശ്വാസ സത്യങ്ങളേയും തള്ളിപ്പറഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു.

വിശ്വാസ സത്യങ്ങളെ സത്യവിരുദ്ധമായി അവതരിപ്പിച്ചുകൊണ്ട് സഭയില്‍ നിന്നും വിശ്വാസികളെ അടര്‍ത്തിമാറ്റാനായി വിഘടിതപ്രസ്ഥാനങ്ങള്‍ അരയും തലയുംമുറുക്കി പരിശ്രമിക്കുമ്പോള്‍, വിശ്വാസത്തിന്റെ അര്‍ത്ഥതലങ്ങളെ അവയുടെ സമഗ്രതയില്‍ മനസിലാക്കാനും ജീവിക്കാനും നമുക്ക് സാധിക്കണം. നിരീശ്വരപ്രസ്ഥാനങ്ങളും വിഘടിത സഭാവിഭാഗങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ യുവജനങ്ങളേയും കുഞ്ഞുങ്ങളേയും സജ്ജമാക്കണം. സ്കൂളുകളിലും കോളജുകളിലും വിശ്വാസത്തിനേതിരേ അവര്‍ നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് അവയുടെ കെണികളില്‍പ്പെടാതിരിക്കാന്‍ ജാഗരൂകരാകണം. സത്യവിശ്വാസ പ്രബോധനങ്ങളെക്കുറിച്ച് ആഴമായ ബോധ്യങ്ങളും ഉറപ്പും ഉള്ളവര്‍ക്കുമാത്രമേ ഇതിനു സാധിക്കൂ.

വിഭാഗീയ ചിന്തകള്‍ക്കും അന്ധമായ വിരോധത്തിനും അടിപ്പെട്ട് ബ്ലോഗുകളിലൂടെയും ഊമക്കത്തുകളിലൂടെയും സത്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി സഭാധികാരികളേയും വൈദീകരേയും തേജോവധം ചെയ്യാനും ഇല്ലാതാക്കാനും ശ്രമിക്കുന്നവരേയും, വിശ്വാസികളുടെ ഇടയില്‍ അനൈക്യത്തിന്റേയും ഇടര്‍ച്ചയുടേയും വിഷംവിതയ്ക്കുന്നവരേയും വിശുദ്ധ എഫ്രേമിന്റെ കാലത്ത് നിറഞ്ഞുനിന്ന വ്യത്യസ്തങ്ങളായ പാഷണ്ഡതകളുടെ പിന്‍മുറക്കാര്‍ മാത്രമായിട്ടേ കാണാന്‍ കഴിയൂ.

തന്റെ ഇഷ്ടമനുസരിച്ച് മാത്രമേ സഭയില്‍ കാര്യങ്ങള്‍ നടക്കാവൂ എന്ന അഹങ്കാര ചിന്തയ്ക്കും ശാഠ്യമനോഭാവത്തിനും അടിപ്പെട്ട് സഭയെ ‘ഹൈജാക്’ ചെയ്യാന്‍ ശ്രമിക്കുന്നവരും, സഭാധികാരികള്‍ക്കെതിരേ നാടുനീളെ അടിസ്ഥാനമില്ലാത്ത പരാതികള്‍ അയയ്ക്കുന്നവരും, അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരും, ഒത്താശചെയ്ത് കൊടുക്കുന്നവരും, സത്യത്തിന്റെ മുഖം വികൃതമാക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വിളകള്‍ക്കിടയില്‍ വളരുന്ന കളകള്‍ മാത്രമായിട്ടേ ഇവരെ കാണാനാകൂ. ക്രിസ്തുവിന്റെ സഭയ്‌ക്കെതിരേ ഇക്കൂട്ടര്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ അവരുടെ തന്നെ നാശത്തിനു മാത്രമേ കാരണമാകൂ എന്ന ബോധജ്ഞാനം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എത്രയോ നല്ലത്. ഇവര്‍ നടത്തുന്ന അബദ്ധപ്രചാരണങ്ങളുടേയും നാശോന്മുഖമായ പ്രവര്‍ത്തനങ്ങളുടേയും സ്വാധീനത്തില്‍പ്പെട്ട് വിശ്വാസജീവിതത്തിന് ഇടര്‍ച്ചയും തളര്‍ച്ചയും സംഭവിക്കാതിരിക്കാന്‍ നമുക്ക് ജാഗരൂകരാകാം. സത്യവിശ്വാസത്തിന്റെ സംരക്ഷകനും, കാവലാളുമായ വിശുദ്ധ എഫ്രേമിന്റെ മഹനീയമാതൃക അനുകരിച്ചുകൊണ്ട് ക്രിസ്തുവിശ്വാസത്തിന്റെ ആഴങ്ങള്‍ തേടാനും അവയില്‍ ജീവിതത്തെ ഉറപ്പിക്കാനും, സഭയെ പടുത്തുയര്‍ത്താനും നമുക്ക് ഇടയാകട്ടെ. സത്യത്തിന്റെ മുഖം വികൃതമാക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ സത്യാന്വേഷകരും പ്രചാരകരുമായി മാറാന്‍ നമുക്ക് പരിശ്രമിക്കാം.

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത

Back