സമാധാന ദൂതുമായി ജി.എസ്.സി കരോള്‍

08:10 am 24/12/2016

Newsimg1_40367683
ഹൂസ്റ്റണ്‍: ജനനവും, ജീവിതവും, മരണവും അത്ഭുതമാക്കിയ ക്രിസ്തുദേവന്റെ ജന്മദിന സന്ദേശവുമായി ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ ഈവര്‍ഷവും ഹൂസ്റ്റണിലെ വിവിധ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചു.

ജീവിത സായാഹ്നത്തില്‍ തിരക്ക് ഒഴിഞ്ഞ് വിവിധ നഴ്‌സിംഗ് ഹോമുകളിലായി ശിഷ്ടജീവിതം നയിക്കുന്നവരുടെ ഹൃദയങ്ങളില്‍ കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്റെ സമാധാന സന്ദേശം അറിയിച്ചുകൊണ്ട് കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി ജി.എസ്.സി ഹൂസ്റ്റണ്‍ കരോള്‍ ശുശ്രൂഷകള്‍ നടത്തിവരുന്നു.

ഈവര്‍ഷം റവ. സാം വി. വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കിയതും, കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ കുടുംബ സമേതം ചേര്‍ന്ന് വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഇംഗ്ലീഷിലും മലയാളത്തിലും ഗാനങ്ങള്‍ ആലപിക്കുകയും, വാര്‍ദ്ധക്യത്തിലിരിക്കുന്നവരുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തത് അവിസ്മരണീയമായി.

അതിഥേയത്വം നല്‍കിയ സ്ഥാപനങ്ങള്‍ക്കും ഭവനങ്ങള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നതിനൊപ്പം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഴ്‌സിംഗ് ഹോമുകള്‍ സന്ദര്‍ശിക്കാനുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് കരോള്‍ സംഘം മടങ്ങിയത്.

ഈവര്‍ഷത്തെ കരോള്‍ വൈവിധ്യമുള്ളതാക്കിത്തീര്‍ക്കുവാന്‍ സാം തോമസ്, ജോര്‍ജ് കൊച്ചുമ്മന്‍, ബൈജു കുഞ്ഞുമോന്‍, ജെസി സാബു എന്നിവര്‍ നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിച്ചു. നേരത്തെ നടത്തിയ ക്രിസ്മസ് കരോളിംഗ് കോണ്ടെസ്റ്റില്‍ ഒന്നും രണ്ടും ഗ്രൂപ്പില്‍ വിജയികളായ സാവിയ വില്‍സണ്‍, ഗ്രേസ് രാജന്‍, ജോയല്‍ ബ്ലസന്‍, അലന്‍ ജോണ്‍സണ്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ആനി ജോര്‍ജ് സമ്മാനദാനം നിര്‍വഹിച്ചു.