സരിതയുടെ ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

02:59 pm 1/10/2016
images (10)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കുമെതിരെ സോളാർ കേസ് പ്രതി സരിത എസ്.നായർ നൽകിയ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ലൈഗിംക ആരോപണം ഉള്‍പ്പെടെയാണ് ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുക. ഡിജിപിയുടെ ഉത്തരവ് ഇന്നിറങ്ങും.
സരിത എസ്. നായർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എംപിമാർ, എംഎല്‍.എമാർ എന്നിവർക്കെതിരെയാണ് സരിത പരാതി നൽകിയത്. ടീം സോളാർ എന്ന കമ്പനിക്ക് കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തും പുതിയ പദ്ധതികള്‍ നൽകാമെന്ന് പ്രലോഭിപ്പിച്ചും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നാണ് സരിതയുടെ പരാതി.
കന്റോമെന്റ് വനിതാ സ്റ്റേഷനിൽ എ.പി.അബ്ദുള്ള കുട്ടിക്കെതിരെ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സോളാർ കേസിൽ ആദ്യഘട്ടത്തിൽ മേൽനോട്ടം വഹിച്ച എഡിജിപി പത്മകുമാറിനെതിരെ തെളിവു നശിപ്പിച്ചതിന് നൽകിയ പരാതിയും അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് എല്ലാ പരാതികളും പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നല്‍കിയത്. ഒരു വനിതാ ഐഎപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കാൻ ആദ്യം ആലോചിച്ചുവെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഡിജിപി തീരുമാനിക്കുകയായിരുന്നു.