03:30pm 23/06/2016
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ ഇന്നും സോളാർ കമീഷൻ മുമ്പാകെ ഹാജരായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കമീഷന് അപേക്ഷ നൽകുമെന്നും കൈക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാലാണ് ഇന്ന് ഹാജരാകാൻ കഴിയാത്തതെന്നും സരിത പറഞ്ഞു. അതേസമയം, തെളിവുകള്‍ സമര്‍പ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സരിതയുടെ അപേക്ഷ കമീഷൻ തള്ളി.
ഇന്ന് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് സോളാര്‍ കമീഷന് ജസ്റ്റിസ് ജി. ശിവരാജൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉടന്‍ ഫോണില്‍ അറിയിച്ചശേഷം മറുപടി നല്‍കണമെന്ന് അഭിഭാഷകനെ കമീഷൻ അറിയിച്ചു. തുടർന്ന് വ്യാഴാഴ്ച കമീഷനില്‍ ഹാജരാകുമെന്ന് സരിത അഭിഭാഷകന് മുഖേന ഉറപ്പുനല്‍കിയിരുന്നു.
സരിതക്ക് തെളിവുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം വ്യാഴാഴ്ചയായിരിക്കുമെന്നും കമീഷൻ വ്യക്തമാക്കി. കൂടുതല്‍ സമയം വേണമെന്ന സരിതയുടെ അഭിഭാഷകന് സി.ഡി. ജോണിയുടെ അപേക്ഷ തള്ളിയ ശേഷമാണ് കമീഷന് ഇക്കാര്യം വ്യക്തമാക്കിയത്.