സര്‍ക്കാരും കായികമന്ത്രിയും ചേര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് അഞ്ജു ബോബി ജോര്‍ജിനെ പുറത്തുചാടിച്ചു -ചെന്നിത്തല

03:33PM 22/06/2016

images (2)
കോട്ടയം: സര്‍ക്കാരും കായികമന്ത്രിയും ചേര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് അഞ്ജു ബോബി ജോര്‍ജിനെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായികതാരങ്ങള അപമാനിച്ചു പുറത്താക്കുന്നത് ശരിയല്ല. സ്പോര്‍ട്സ് കൗണ്‍സിലിനെ രാഷ്്ട്രീയമുക്തമാക്കിയത് യു.ഡി.എഫാണെന്നും അദേഹം പറഞ്ഞു.

അഞ്ജു ബോബി ജോര്‍ജ് രാജിവെക്കുകയാണെന്ന കാര്യം തന്നെ വിളിച്ച് അറിയിച്ചിരുന്നു. എല്‍.എല്‍.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. കണ്ണൂരില്‍ മാത്രം 48 ഓളം അക്രമങ്ങളാണ് യു.ഡി.എഫ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ നടന്നത്. അക്രമണങ്ങളില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെയും പൊലീസ് തല്ലിചതച്ചു. പൊലീസില്‍ നിന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ളെന്നും സര്‍ക്കാരിന്‍റെ അറിവോടെയാണോ ആക്രമണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോട്ടയം പ്രസ് ക്ളബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.