സാംസങ്ങ് വാഷിംഗ് മെഷീനുo പൊട്ടിത്തെറിക്കുന്നു .

03:00 pm 1/10/2016

വാഷിംഗ്ടണ്‍: സാംസങ്ങ് ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിക്കുന്നു പ്രശ്നം വലിയ തലവേദനയാണ് സാംസങ്ങിന് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യന്തര തലത്തില്‍ തന്നെ സാംസങ്ങ് ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് സാംസങ്ങിന് ഇടിവെട്ടായി പുതിയ വാര്‍ത്ത വരുന്നത്. സാംസങ്ങിന്‍റെ വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നതായി അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. 2011 മാര്‍ച്ചിനും 2016 ഏപ്രിലിനുമിടയില്‍ നിര്‍മിച്ച ടോപ് ലോഡ് വാഷിംഗ് മെഷീനുകളില്‍ ചിലതാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. അമേരിക്കയിലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് സാംസങ് അറിയിച്ചു.
ന്യൂജെഴ്‌സിയിലാണ് വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടായതായി ആരോപിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. വാങ്ങി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയായ മോഡലുകള്‍ പൊട്ടിത്തെറിച്ചതായാണ് കേസുകള്‍.
വാട്ടര്‍ റെസിസ്റ്റന്റ് ആയതും കനമുള്ളതുമായ വസ്ത്രങ്ങള്‍ അലക്കുന്നതിനിടെയാണ് അപകടങ്ങള്‍ ഉണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഏറ്റവും കുറഞ്ഞ വേഗതയിലുള്ള മോഡ് ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാംസങ്ങ് നിര്‍ദേശം നല്‍കി. ഇപ്പോള്‍ അമേരിക്കയില്‍ മാത്രമാണ് ഈ പ്രശ്നം ഉള്ളത് എന്നതിനാല്‍ ആഗോളതലത്തില്‍ ഒരു സുരക്ഷ പ്രശ്നമാകില്ല ഇതെന്നാണ് സാംസങ്ങ് പ്രതീക്ഷിക്കുന്നത്.