സാന്റാ അന്നയില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

– ജോര്‍ജുകുട്ടി പുല്ലാപ്പള്ളി
01:36pm 10/7/2016
Newsimg1_30656984
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ത്തോമാശ്ശീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

തിരുനാളിനു തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ജൂണ്‍ 26-നു വികാരി ഫാ. ജയിംസ് നിരപ്പേല്‍ നിര്‍വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് ജൂണ്‍ 26 മുതല്‍ ജൂലൈ 3 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം വി. കുര്‍ബാന, തോമാശ്ശീഹായുടെ നൊവേന, ജാഗരണ പ്രാര്‍ത്ഥന, ലദീഞ്ഞ്, വാഴ്‌വ് എന്നിവയിലെല്ലാം ഇടവകാംഗങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ രണ്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള തിരുനാള്‍ കുര്‍ബാനയില്‍ സുപ്രസിദ്ധ സംഗീജ്ഞനായ ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ മുഖ്യകാര്‍മികനായിരുന്നു. എസ്.വി.ഡി സഭയുടെ അമേരിക്കയിലെ ഈസ്റ്റേണ്‍ റീജണല്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. സോണി ജോസഫ് എസ്.വി.ഡി തിരുനാള്‍ സന്ദേശം നല്‍കി.

ഫാ. കുര്യാക്കോസ് വാടാന എം.എസ്.ടി, ഫാ. സിജു മുടക്കോടില്‍, ഫാ. ആഞ്ചലോസ് സെബാസ്റ്റ്യന്‍, ഫാ. മനോജ് പുത്തന്‍പുരയ്ക്കല്‍, ഫാ. ബിജു മണ്ഡപത്തില്‍ എസ്.വി.ഡി., ഫാ. പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ, ഫാ. ബേബി ഷെപ്പേര്‍ഡ് സി.എം.ഐ, ഫാ. വിജു എം.എസ്.ടി, ഫാ. ജയിംസ് നിരപ്പേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് മുത്തുക്കുടകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം തിരുനാളിനു മോടി പകര്‍ന്നു. സെന്റ് തോമസ് ഗായകസംഘാംഗങ്ങളുടെ ഗാന ശുശ്രൂഷ തിരുനാള്‍ കുര്‍ബാന ഭക്തിസാന്ദ്രമാക്കി.

സ്‌നേഹവിരുന്നിനുശേഷം ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഇന്‍ഫന്റ് ജീസസ് വാര്‍ഡിലെ കലാകാരന്മാര്‍ അണിനിരന്ന കോമഡി ഷോ “ചക്കിക്കൊത്ത ചങ്കരന്‍’ പ്രശംസനീയവുമായിരുന്നു. “പാടുംപാതിരി’ എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കല്‍ സി.എം.ഐയുടെ ഗാനമേള ഏവരും ആസ്വദിച്ചു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പോള്‍ അച്ചന്‍ ഗാനങ്ങള്‍ ആലപിച്ചു. ടോമി പുല്ലാപ്പള്ളില്‍ എം.സിയായിരുന്നു.

സെന്റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ “ബെയിംഗ് സെയില്‍’ നടത്തി. ബിജു ജോര്‍ജ്, ഷാജി പാലാട്ടി എന്നിവര്‍ തിരുനാള്‍ ദിനങ്ങളിലെ ചെണ്ടമേളത്തിനു നേതൃത്വം നല്‍കി.

ജൂലൈ മൂന്നാം തീയതി രാവിലെ ദിവ്യബലി, ലദീഞ്ഞ്, നൊവേന, ആരാധന എന്നിവയ്ക്കുശേഷം വികാരി ഫാ. ജയിംസ് നിരപ്പേല്‍ കൊടിയിറക്കി. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് ഇന്‍ഫന്റ് ജീസസ് വാര്‍ഡുകാരാണ്. വാര്‍ഡ് പ്രതിനിധികളായ റോയി വല്യാനയിലും, ഡോ. ദീപാ ഷെല്ലിയും നേതൃത്വം നല്‍കി.

ട്രസ്റ്റിമാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍, സാക്രിസ്റ്റി ജോവി തുണ്ടിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരെല്ലാം ഒന്നായി പ്രവര്‍ത്തിച്ചപ്പോള്‍ ദൈവകൃപയാല്‍ തിരുനാള്‍ മഹോത്സവം വന്‍ വിജയമായി. സജി പിറവം ദൃശ്യങ്ങള്‍ പകര്‍ത്തി.