സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ഫിലഡല്‍ഫിയ: ജൂലൈ മാസത്തില്‍ മയാമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മിഡ്­ അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) സാബു സ്കറിയയെ നോമിനേറ്റ് ചെയ്തു.

പ്രസിഡന്റ് ഏലിയാസ് പോളിന്റെ അധ്യക്ഷതയില്‍ കൂടിയ മാപ്പിന്റെ മാനേജിങ്ങ് കമ്മിറ്റി യോഗം സാബു സ്കറിയയുടെ സ്ഥാനാര്‍ഥിത്വത്തെ ഒന്നടങ്കം അനുകൂലിച്ചു. ഒരു മികച്ച സംഘാടകന്‍ എന്ന നിലയില്‍ നിരവധി തവണ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള സാബു സ്കറിയയുടെ സാന്നിദ്ധ്യം ഫോമയുടെ ശോഭനമായ ഭാവിക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നു യോഗം വിലയിരുത്തി. മിഡ്­അറ്റ്‌ലാന്റിക് റീജിയനിലുള്ള എല്ലാ അംഗ സംഘടനകളേയും ഒരുമിച്ചു ഫോമയുടെ കുടക്കീഴില്‍ അണിനിരത്തുവാന്‍ സാബു സ്കറിയയുടെ ശക്തമായ നേതൃത്വത്തിനു കഴിയുമെന്നും യോഗം ചൂണ്ടിക്കാണിച്ചു.

മാപ്പിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, സ്‌പോര്‍ട്‌സ്­ ചെയര്‍മാന്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുള്ള സാബു സ്കറിയ ഇപ്പോള്‍ മാപ്പിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗമാണ്. കൂടാതെ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്ഗ്രസ്സിന്റെ കേരള­പെന്‍സില്‍വാനിയ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി എന്നീ നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.