സാമന്ത ധനുഷ് ചിത്രം ഉപേക്ഷിച്ചത് പൊന്‍രാമനു വേണ്ടിയെന്ന് റിപ്പോര്‍ട്ട്.

06:55 PM 29/8/2016
download (2)
തമിഴ് സുന്ദരി സാമന്ത ധനുഷ് ചിത്രമായ വാടാ ചെന്നൈ ഉപേക്ഷിച്ചത് സംവിധായകന്‍ പൊന്‍രാമനു വേണ്ടിയെന്ന് റിപ്പോര്‍ട്ട്. പൊന്‍രാമന്റെ പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായി സാമന്തയാണ് അഭിനയിക്കുന്നത്. വാടാ ചെന്നൈയിലേതിനേക്കാള്‍ മികച്ച കഥാപാത്രമാണ് പൊന്‍രാമന്‍ പുതിയ ചിത്രത്തില്‍ സാമന്തയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അഭിനയപ്രാധാന്യവും മറ്റും നോക്കിയ സാമന്ത വാടാ ചെന്നൈയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് പൊന്‍രാമന്‍ ചിത്രമാണെന്ന് മനസിലാക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റെ നായികയായി സാമന്ത അഭിനയിക്കുന്നത്. ശിവകാര്‍ത്തികേയനും പൊന്‍രാമനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

സാമന്ത ധനുഷ് ചിത്രത്തില്‍നിന്നും പിന്‍മാറിയതിനു പപ്പരാസികള്‍ പറഞ്ഞ കാരണം സാമന്ത ഈ വര്‍ഷം അവസാനം നാഗചൈതന്യയെ വിവാഹം ചെയ്യുകയാണെന്നും അതിനാലാണ് വാടാ ചെന്നൈയില്‍ നിന്നും പിന്‍മാറിയതെന്നുമായിരുന്നു. നേരത്തേ തങ്കമകന്‍ എന്ന ചിത്രത്തിനു വേണ്ടി ധനുഷും സാമന്തയും ഒന്നിച്ചിരുന്നു. ഈ സിനിമ വന്‍ വിജയം നേടി. ഈ സാഹചര്യത്തിലാണ് പുതിയ ധനുഷ് ചിത്രത്തിലേക്കും സാമന്തയെ പരിഗണിച്ചത്.