സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ പുരസ്കാരം സെബാസ്റ്റ്യന്‍ വട്ടക്കുന്നേലിന്

05:31 pm 18/12/2016

– കെ.ജെ.ജോണ്‍
Newsimg1_66434497
ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചു വരുന്ന സെബാസ്റ്റ്യന്‍ വട്ടക്കുന്നേലിനെ തേടി അംഗീകാരങ്ങളെത്തുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ, രാജ്യത്തെ സീനിയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ( പന്ത്രണ്ടാം ക്ലാസ് ) തയ്യാറാക്കി 97- 98 ശതമാനങ്ങളുടെ തിളക്കമാര്‍ന്ന വിജയം വരിച്ചുവരുന്ന ഉംറ്റാറ്റയിലെ കന്നീസ്സ ഹൈസ്കൂളിന്റെ പ്രിന്‍സിപ്പാളും സര്‍വ്വോപരി എല്ലാമാണ് സെബാസ്റ്റ്യന്‍ വട്ടക്കുന്നേല്‍.

കേവലം പാഠപുസ്തക പരിശീലനങ്ങളില്‍ മാത്രമൊതുങ്ങാതെ, കുട്ടികളെ സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുവാനുതകും വിധത്തിലുള്ള പൌരന്മാരായി പരിശീലനം നല്കുവാന്‍ ശ്രദ്ധാപൂര്‍വ്വം നേതൃത്വം നല്കുനന്നു വട്ടക്കുന്നേല്‍. തല്‍ഫലമായി ഇക്കൊല്ലം സ്കൂളിലെ കുട്ടികള്‍ ഒറ്റക്കെട്ടായി “ബാസ്കറ്റ് ഓഫ് ലവ്” ന്റെ ബാനറില്‍ സമാഹരിച്ച ധനത്തോടൊപ്പം സ്കൂളിന്റെ സഹായവും ചേര്ത്ത് അശരണയും വികലാംഗയുമായ ഒരു വയോധികയ്ക്കും കുട്ടികള്‍ക്കും നാലു മുറികളുള്ള ഒരു വീട് നിര്‍മ്മിച്ചു നല്കുവാന്‍ കഴിഞ്ഞത് ഏറെ പ്രശംസനീയമാംവിധം ഇവിടുത്തെ പ്രമുഖ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയായി റിപ്പോര്ട്ട് ചെയ്തിരുന്നു.

ആധുനിക ജീവിതവിചിത്രങ്ങളുടെ ബാക്കിപത്രമായി ഇവിടെ തെരുവുകളില്‍ വലിച്ചെറിയപ്പെടുന്ന, ഒരു ദിവസം മുതല്‍ 67 വയസ്സ് വരെ പ്രായമായ അനാഥകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു അനാഥാലയം കന്നീസ്സാ ചില്‍ഡ്രന്‍സ് ഹോം, ഈ സ്കൂളിന്റെ ഭാഗമായി സെബാസ്റ്റ്യന്റെ മേല്‍നോട്ടത്തില്‍, സമാനമനസ്കരായ നല്ല മനുഷ്യരുടെ സജീവ കാരുണ്യത്തിലും നമ്മുടെ നാട്ടിലെ അരുവിത്തുറ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് ( ക്ലാര മഠം) കന്യാസ്ത്രീകളുടെ സഹകരണത്തിലും പ്രവര്‍ത്തിക്കുന്നു.

സാമൂഹിക പരിവര്‍ത്തന സേവനപാതയില്‍ അഹോരാത്രം അക്ഷീണം പ്രയത്‌നിക്കുന്നതിനുള്ള അംഗീകാരമായി ദക്ഷിണാഫ്രിക്കന്‍ ദേശീയ ഭരണകൂടത്തിന്റെന പ്രശസ്തിപത്രവും അംഗീകാര അവാര്‍ഡുകളും കഴിഞ്ഞയാഴ്ച നടന്ന പ്രൌഡഗംഭീരമായ സദസ്സില്‍ വച്ച് ഈസ്റ്റേണ്‍ കേപ്പ് പ്രവിശ്യയുടെ എം.ഇ.സി. മാണ്ടലാ മക്കുപ്പൂള സെബാസ്റ്റ്യന്‍ വട്ടക്കുന്നേലിന് സമ്മാനിച്ചു.
കര്‍മ്മകനിരതമായ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഈ അംഗീകാരങ്ങള്‍ ഓരോ കന്നീസ്സ കുടുംബാംഗങ്ങള്‍ക്കും അവകാശപ്പെട്ടതും അഭിമാനവുമാണെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലുള്ള വട്ടക്കുന്നേല്‍ കുടുംബാംഗമായ സെബാസ്റ്റ്യന്റെ സഹധര്‍മ്മിണി സാറാമ്മ വട്ടക്കുന്നേല്‍. മക്കള്‍ സിഫി, സിമി.