സാഹിത്യവേദിയില്‍ സെപ്റ്റംബര്‍ രണ്ടിന് ചിരിയരങ്ങ്

12.25 AM 01-09-2016
unnamed
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: 2016 സെപ്റ്റംബര്‍ മാസ സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (2200 S Elmhurst, MT Prospect, IL) കൂടുന്നതാണ്. ആധുനിക ഫലിതബിന്ദുക്കളെ കൂട്ടിയിണക്കി, നര്‍മ്മഭാഷണങ്ങളില്‍ പ്രസിദ്ധനായ ഡോ. റോയി പി. തോമസിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ചിരിയരങ്ങാണ് സാഹിത്യവേദിയിലെ മുഖ്യഇനം.

ഓഗസ്റ്റ് മാസ സാഹിത്യവേദി സൈമണ്‍ മഴുവഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടി. സാഹിത്യകാരിയും, സിനിമാ നിര്‍മ്മാതാവും, സംവിധായകയുമായ അഡ്വ. ലിജി പുല്ലാപ്പള്ളി എഴുതിയ ‘കിങ്ഡം വാര്‍’ എന്ന പുസ്തകത്തിലെ വിവിധ ധ്യാനചിന്തകളെ വിവരിച്ചുകൊണ്ട് ഗ്രന്ഥകാരിയുടെ പ്രഭാഷണവും, തുടര്‍ന്ന് സദസ്യരുടെ ആസ്വാദന ചര്‍ച്ചയും, അവസരോചിതമായ ചോദ്യോത്തരങ്ങളും കൊണ്ട് സാഹിത്യവേദി ആസ്വാദ്യകരമായിരുന്നു. ലക്ഷ്മി നായര്‍ കവിത എഴുതി അവതരിപ്പിച്ചു. സാഹിത്യവേദി അംഗം അനിലാല്‍ ശ്രീനിവാസന്റെ പിതാവ് എസ്. ശ്രീനിവാസന്‍, കാവാലം നാരായണ പണിക്കര്‍, ബംഗ്ലാ സാഹിത്യകാരി മഹാശ്വേതാ ദേവി എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. ശിവന്‍ മുഹമ്മയുടെ നന്ദി പ്രകാശനത്തോടുകൂടി രാധാകൃഷ്ണന്‍ നായര്‍ സ്‌പോണ്‍സര്‍ ചെയ്ത ഓഗസ്റ്റ് മാസ സാഹിത്യവേദി സമാപിച്ചു.

തങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുന്ന നര്‍മ്മകഥകള്‍ സാഹിത്യവേദിയില്‍ പങ്കുവെച്ച് ചിരിയരങ്ങ് സമ്പന്നമാക്കുവാന്‍ എല്ലാവരേയും 198-മത് സാഹിത്യവേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. റോയ് പി. തോമസ് (630 986 0819), ജോസി കരിപ്പാപ്പറമ്പില്‍ (312 208 7574), ജോണ്‍ ഇലക്കാട്ട് (773 282 4955).