സാഹിത്യവേദി ഒക്‌ടോബര്‍ ഏഴിന്

02.29 AM 04-10-2016
sahithyavedi_pic1
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: 2016 ഒക്‌ടോബര്‍ മാസ സാഹിത്യവേദി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (2200 S. Elmhurst, MT, Prospect) ചേരുന്നതാണ്. പ്രകൃതിയുടെ സൗന്ദര്യവും, മനുഷ്യജീവിതത്തിന്റെ ഉള്‍പിരിവുകളും, ബന്ധ- ബന്ധനങ്ങളുടെ വടംവലികളും എല്ലാം കൂട്ടിയിണക്കി പണിതീര്‍ത്ത ‘A LAMENT’ (ഒരു വിലാപം) എന്ന ശ്രീമതി ലക്ഷ്മി നായര്‍ എഴുതിയ കവിതാ സമാഹാരത്തെ ആസ്പദമാക്കി ഗ്രന്ഥകാരി തന്നെ അവതരിപ്പിക്കുന്ന പ്രബന്ധമാണ് ഈ സാഹിത്യവേദിയിലെ ആസ്വാദന ശ്രദ്ധാകേന്ദ്രം. അഞ്ചു വിഭാഗങ്ങളായി ഭാഗിക്കപ്പെട്ട ഈ കൃതിയില്‍, ഇന്നത്തെ കെട്ടുപിണഞ്ഞ നമ്മുടെ ജീവിതത്തിന്റെ കൈയ്പും മധുരവും കലര്‍ന്ന അനുഭവങ്ങളെ അതിസരളമായി ഇതില്‍ വിവരിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കവിതകള്‍ക്ക് കാഴ്ച നല്‍കിക്കൊണ്ട്, ലക്ഷ്മി നായര്‍ തന്നെ ക്യാമറയില്‍ ഒപ്പിയെടുത്ത അനേകം ചിത്രങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ മാസ സാഹിത്യവേദിയായ 198-മത് സാഹിത്യവേദി ജയന്‍ മുളങ്ങാടിന്റെ അധ്യക്ഷതയില്‍ കൂടി. ഹാസ്യ, നര്‍മ്മ സംഭാഷണങ്ങളില്‍ സമ്പന്നനായ ഡോ. റോയി പി. തോമസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ചിരിയരങ്ങായിരുന്നു മുഖ്യ ആസ്വാദക ഇനം. സദസര്യുടെ ഹൃദയങ്ങളില്‍ സൂക്ഷിച്ചിരുന്ന ഫലിതബിന്ദുക്കള്‍ പങ്കുവെച്ച് എല്ലാവരും സജീവമായി ചിരിയരങ്ങളില്‍ പങ്കുകൊണ്ട് സാഹിത്യവേദി ചിരിസാഗരമാക്കി മാറ്റി. പ്രസന്നന്‍പിള്ളയുടെ നന്ദി പ്രസംഗത്തോടുകൂടി ജോസി കുറുപ്പംപറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത സെപ്റ്റംബര്‍ മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു. ഒക്‌ടോബര്‍ മാസ സാഹിത്യവേദിയായ 199-മത് സാഹിത്യവേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ലക്ഷ്മി നായര്‍ (847 634 9529), രമാ നായര്‍ (847 372 7546), ജോണ്‍ ഇലക്കാട്ട് (773 282 4955).