സിദ്ധിഖിന്റെ ചിത്രത്തില്‍ ജയസൂര്യ

02:10pm 25/4/2016
download (3)
വ്യത്യസ്‌തതയ്‌ക്കുള്ള ത്വരയും ജോലിയില്‍ കാട്ടുന്ന കഠിനാദ്ധ്വാനവും തന്നെയാണ്‌ ജയസൂര്യയ്‌ക്ക് മലയാള നടന്മാരില്‍ ഇടം നേടിക്കൊടുത്തതെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകില്ല. സു..സു..സുധി, അപ്പോത്തിക്കരി, ബ്യൂട്ടിഫുള്‍ തുടങ്ങി വൈവിദ്ധ്യ വേഷങ്ങള്‍ സമ്മാനിച്ച ജയസൂര്യ ഇനി അവതരിപ്പിക്കാന്‍ പോകുന്നത്‌ ഇഷ്‌ടപ്പെടുന്ന വസ്‌തുക്കള്‍ അടിച്ചു മാറ്റുന്ന പ്രത്യേക മാനസീകരോഗിയായി.
കാത്തുകാത്തിരുന്നും പ്രാര്‍ത്ഥിച്ചും കിട്ടിയതെന്ന്‌ ജയസൂര്യ തന്നെ അഭിപ്രായപ്പെടുന്ന സിദ്ധിഖ്‌ലാല്‍ ചിത്രത്തില്‍ ക്‌ളെപ്‌റ്റോമാനിയാക്‌ ആയിട്ടാണ്‌ ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്‌. സിദ്ധിഖിന്റെയും ലാലിന്റെയും സംവിധാനങ്ങളിലുള്ള രണ്ടു ചിത്രങ്ങളില്‍ ഒരേ ദിവസമാണ്‌ ജയസൂര്യ ഒപ്പുവെച്ചത്‌. ഇതില്‍ സിദ്ധിക്കിന്റെ ചിത്രത്തിലാണ്‌ എന്തു കണ്ടാലും അടിച്ചുമാറ്റുന്ന ഏറെ തമാശയുള്ള കഥാപാത്രമായി ജയസൂര്യ വരുന്നത്‌.
പേരില്‍ മാത്രം ലക്കുള്ള ജീവിതത്തില്‍ ഭാഗ്യം തീരെയില്ലാത്ത ലക്കി എന്ന അനാഥന്റേതാണ്‌ ജയസൂര്യയുടെ വേഷം. ഒരു പ്രത്യേക സാഹചര്യത്തില്‍ മോഷണസ്വഭാവം സ്‌പോണ്‍സറെ നഷ്‌ടമാക്കി ലക്കിയുടെ എഞ്ചിനീയറിംഗ്‌ പഠനം മുടങ്ങിപ്പോകുന്നു. എന്നാല്‍ സ്‌ഥിരോത്സാഹിയായ ലക്കിയെ ഒടുവില്‍ ഭാഗ്യം തന്നെ പിന്തുണയക്കുകയും ചെയ്യുന്നു. സിനിമ സെപ്‌തംബറില്‍ കണ്ണൂരിലും മംഗലാപുരത്തുമായി തുടങ്ങും. സിനിമയുടെ മറ്റാള്‍ക്കാരെ തീരുമാനിച്ചിട്ടില്ല.