02:47pm 28/6/2016
കൊച്ചി: സിപിഎം തലഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് സി എം പി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം രണ്ട് ചേരിയിലാണെന്ന് കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും വ്യക്തമാണ്. നിലവില്‍ ബംഗാള്‍ സിപിഎം, കേരളാ സിപിഎം എന്ന നിലയില്‍ രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ് പാര്‍ട്ടിയുടെ അവസ്ഥ. ബംഗാളില്‍ ദ്രവിച്ച് തീര്‍ന്നുകൊണ്ടിരിക്കുന്ന സിപിഎമ്മിന് നിലനില്ക്കണമെങ്കില് കോണ്‍ഗ്രസ് വേണമെന്നത് വാസ്തവമായ കാര്യമാണ്. എന്നാല്‍ പ്രകാശ് കാരാട്ടും കേരളത്തിലെ നേതൃത്വവും സിപിഎം ഇത്തരത്തില്‍ നശിച്ചാല്‍ പോലും കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് ചിന്തിക്കുന്നത്. ബംഗാളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത് 40 ശതമാനം വോട്ടാണ്. ഇത്തരത്തില്‍ സഖ്യമില്ലായിരുന്നുവെങ്കില്‍ അവിടെ ബിജെപി രണ്ടാം സ്ഥാനത്ത് വരുമായിരുന്നു. ഈ വസ്തുതയോട് എന്താണ് പ്രകാശ് കാരാട്ടിന് പ്രതികരിക്കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിക്ക് ഇത്തരത്തില്‍ ഉയര്‍ന്ന് വരുന്നതിന് സാഹചര്യമൊരുക്കുകയും സിപിഎം ദ്രവിച്ചില്ലാതാവുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നതിനോടാണ് പ്രകാശ് കാരാട്ടും കേരളത്തിലെ സിപിഎം നേതൃത്വവും അനുകൂലിക്കുന്നത്. ഇത്തരത്തിലാവുമ്പോള്‍ കാരാട്ടിനെ സിപിഎമ്മിനെ ഇല്ലാതാക്കുന്ന വ്യക്തിയെന്ന നിലയില്‍ വിളിക്കേണ്ടി വരും. സിപിഐ കേരളത്തില്‍ വളരെ ശക്തമാണ്. ബംഗാള്‍ വിഷയത്തില്‍ സിപിഐയും ആര് എസ്പിയും തങ്ങളുടെ നയം വ്യക്തമാക്കണം. ബിജെപി ശക്തിപ്പെട്ടാലും ഇടതുപക്ഷം തുടച്ചുനീക്കപ്പെട്ടാലും കുഴപ്പമില്ലെന്ന പ്രകാശ് കാരാട്ടിന്റെ നയത്തോടാണോ ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന് സിപിഐ വ്യക്തമാക്കണം. 2004ല്‍ ഉണ്ടായത് പോലുള്ള പുത്തന്‍ യുപിഎ ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് അതിന് മുന്‍കൈ എടുക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഇടതുപക്ഷ ഗ്രൂപ്പുകളും ചേര്‍ന്ന് മതേതര ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പാട്ടുകഴിഞ്ഞ ബ്രാഹ്മണിയമ്മയെപ്പോലുള്ള അവസ്ഥയാണ് ഇപ്പോള്‍ വി എസ് അച്യുതാനന്ദന്റേത്. ഇനി അടുത്ത തിരഞ്ഞെടുപ്പിലേ അദ്ദേഹത്തിന് വിലയുണ്ടാകുവെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃശൂരില്‍ ആകെയുണ്ടായ ഇടതുപക്ഷ തരംഗം തന്റെ മണ്ഡലത്തിലും ബാധിച്ചത് കുന്നംകുളത്ത് തിരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.