ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് ഒമ്പതിനായിരം കോടിയുടെ കിട്ടാക്കടം വരുത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്കെതിരേ സിബിഐ പുതിയ കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവിധ ബാങ്കുകളില്‍ നിന്നായി ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്തു നാടുവിട്ട മല്യ, 9,431 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. എസ്ബിഐയില്‍ നിന്നാണ് ഏറ്റവുമധികം തുക കടം എടുത്തത്. ഇതടക്കമുള്ള കേസുകളും നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുംബൈ, ഹൈദരാബാദ്, ഡല്‍ഹി കോടതികള്‍ മല്യക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ചില്‍ ഇന്ത്യ വിട്ട വിജയ് മല്യ നിലവില്‍ ബ്രിട്ടനിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ നയതന്ത്ര പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.