09.20 AM 08-09-2016
ഡമാസ്‌ക്കസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് പരിഹാരനിര്‍ദ്ദേശവുമായി ഉന്നതതല മധ്യസ്ഥ സമിതി. ഭരണപക്ഷവും വിമതപോരാളികളും ആറ് മാസത്തേക്ക് വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്ഥാനമൊഴിഞ്ഞ് ജനവിധി തേടണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ലണ്ടനില്‍ ചേര്‍ന്ന വിവിധ ലോകരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടേതാണ് നിര്‍ദ്ദേശം. അതേസമയം അലപ്പോയും ജെറാബ്ലുസും അടക്കമുള്ള പോര്‍മുഖങ്ങളില്‍ ശക്തമായ ആക്രമണം തുടരുകയാണ്.
സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ പോരടിക്കുന്ന പ്രതിപക്ഷസഖ്യമാണ് രാഷ്ട്രീയമാറ്റത്തിനായി ആറ് മാസത്തേക്ക് വെടിനിര്‍ത്തല്‍ ആകാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ച ഉന്നതതല മധ്യസ്ഥസമിതി വെടിനിര്‍ത്തുന്ന ആറ് മാസം പ്രശ്‌നപരിഹാരത്തിനായി നിരന്തര മധ്യസ്ഥശ്രമങ്ങളാകാം എന്ന് നിര്‍ദ്ദേശിച്ചു.
ആറ് മാസത്തിന് ശേഷം അസദ് സ്ഥാനമൊഴിയണം. സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പൗരസമൂഹത്തിന്റേയും പ്രതിനിധികളടങ്ങിയ ഭരണസംവിധാനത്തിന് പിന്നീട് അധികാരം കൈമാറണം. പിന്നീടുള്ള 18 മാസംകൊണ്ട് ഈ സമിതി സിറിയയെ തെരഞ്ഞെടുപ്പിനായി ഒരുക്കണം എന്നാണ് വിവിധ ലോകരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരടങ്ങിയ സമിതിയുടെ നിര്‍ദ്ദേശം.
ആഭ്യന്തരയുദ്ധത്തില്‍ അസദിനെ അനുകൂലിക്കുന്ന റഷ്യയുടേയും വിമതരെ പിന്തുണയ്ക്കുന്ന അമേരിക്കയുടേയും പരിഹാരനിര്‍ദ്ദേശം ഇതില്‍നിന്ന് വിഭിന്നമാണെങ്കില്‍ തള്ളിക്കളയണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. ഇതിനോട് അനുകൂലമായോ പ്രതികൂലമായോ സര്‍ക്കാരും വിമതസഖ്യവും പ്രതികരിച്ചിട്ടില്ല.
അതേസമയം അലപ്പോയും ജെറാബ്ലുസും അടക്കമുള്ള സിറിയന്‍ നഗരങ്ങളിലെ പോര്‍മുഖങ്ങളില്‍ കനത്ത പോരാട്ടം തുടരുകയാണ്. തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസിനും കുര്‍ദുകള്‍ക്കുമെതിരെ നടത്തുന്ന പോരാട്ടവും തുടരുന്നു.
അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ സിറിയയില്‍ ഇതുവരെ 2,50,000 ലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക കണക്ക്. 11 ദശലക്ഷം ആളുകളാണ് ഇതുവരെ അഭയാര്‍ത്ഥികളായത്.