സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു

06:36pm 3/4/2016
download (3)
ന്യൂഡല്‍ഹി : കൃത്യമായ യാത്രാ രേഖകളില്ലാതെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ നാല് ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മോചിതരായ ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്ത സിറിയന്‍ സര്‍ക്കാരിനെ സുഷമ ഇന്ത്യയുടെ നന്ദി അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ സിറിയന്‍ ഉപപ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇവരുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഷമ സ്വരാജ് ചര്‍ച്ച ചെയ്തിരുന്നു. അരുണ്‍ കുമാര്‍ സൈനി, സര്‍വിജിത് സിങ്, കുല്‍ദീപ് സിങ്, ജോഗ സിങ് എന്നിവരെയാണ് മോചിപ്പിച്ചത്. ജോര്‍ദാനില്‍ നിന്നു സിറിയയിലേക്ക് കടക്കുന്നതിനിടെയാണ് നാല് ഇന്ത്യക്കാരെ പിടികൂടിയത്.

ഇവര്‍ ഭീകര സംഘടനയായ ഐഎസിലേക്ക് ചേരാന്‍ വരുന്നവരാണ് എന്ന ധാരണയിലാണ് അറസ്റ്റ് ചെയ്ത്. എന്നാല്‍ ഐഎസ് ബന്ധം ഇന്ത്യന്‍ സര്‍ക്കാര്‍ തള്ളുകയായിരുന്നു. കൃത്യമായ വിസയോ മറ്റ് യാത്രാ രേഖകളോ ഇല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്തത് എന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. ജോലി തേടി ലെബനനിലേക്കുള്ള യാത്രയിലായിരുന്നു നാലുപേരുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ വിശദീകരണം