സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു

01:20pm 2/8/2016
download (10)
മോസ്‌കോ: സിറിയയില്‍ വിമതരുടെ അധീനതയിലുള്ള ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. ആലപ്പോയില്‍ ജീവകാരുണ്യ സഹായം വിതരണം ചെയ്തശേഷം മടങ്ങിപ്പോന്ന എംഐ8 സൈനിക കോപ്റ്ററാണു നിലത്തുനിന്നുള്ള വെടിയേറ്റു വീണതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതിലുണ്ടായിരുന്ന മൂന്നു ജീവനക്കാരും രണ്ട് ഓഫീസര്‍മാരും കൊല്ലപ്പെട്ടു.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കു സമീപം ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്റെയും ഒരാളുടെ ജഡം ചിലര്‍ചേര്‍ന്നു വലിച്ചുകൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ക്രെംലിന്‍ വക്താവ് പെസ്‌കോവ് അനുശോചനം അറിയിച്ചു.

ഇതിനിടെ വിമതരുടെ അധീനതയിലുള്ള കിഴക്കന്‍ ആലപ്പോയ്ക്ക് സൈന്യം ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ വിമതപോരാളികള്‍ ശ്രമം ആരംഭിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള മേഖലയിലൂടെ വിമത മേഖലയിലേക്ക് പാത തുറക്കാനാണു ശ്രമം.

സൈന്യത്തിന്റെ പക്കലുള്ള ഏതാനും പ്രദേശങ്ങള്‍ കൈയടക്കിയതായി ജബാക് ഫത്താ അല്‍ ഷാം(മുന്‍ നുസ്‌റ മുന്നണി), അഹ്‌റാര്‍ അല്‍ ഷാം എന്നീ സംഘടനകള്‍ പറഞ്ഞു. എന്നാല്‍ വിമതപോരാളികളെ തുരത്തുന്നതില്‍ വിജയിച്ചെന്നു സൈനിക വക്താവ് അവകാശപ്പെട്ടു.