സിറിയയെച്ചൊല്ലി അമേരിക്കയും റഷ്യയും തമ്മില്‍ പോര് മുറുകുന്നു

10;40 am 5/10/2016
images (6)

സിറിയയെച്ചൊല്ലി അമേരിക്കയും റഷ്യയും തമ്മില്‍ പോര് മുറുകുന്നു. സിറിയന്‍ നാവിക കേന്ദ്രത്തിലേക്ക് മിസൈല്‍ സംവിധാനമെത്തിച്ചതായി റഷ്യ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് റഷ്യ മിസൈല്‍ സംവിധാനം സിറിയയിലെത്തിച്ചത്.
അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് റഷ്യയുടെ പുതിയ നടപടി. എസ്-300 എന്ന മിസൈല്‍ സംവിധാനം സിറിയയിലെ നാവിക കേന്ദ്രത്തില്‍ എത്തിച്ചതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യന്‍ പ്രതിരോധ വക്താവാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ നടപടി മാത്രമാണിതെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നാല്‍ ശക്തമായ തിരിച്ചടിക്ക് ഒരുക്കമാണെന്ന സന്ദേശമാണ് റഷ്യ അമേരിക്കയ്ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസ്ദിന്റെ ഭരണകൂടത്തിന് പിന്തുണ നല്‍കുന്നതാണ് റഷ്യന്‍ നടപടി. എന്നാല്‍ വിമതരെ സഹായിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചു പോരുന്നത്. തുടര്‍ച്ചയായ വെടിവെപ്പ് മൂലം അലെപ്പോയിലുണ്ടായ ജീവഹാനിയെ ഇരു കൂട്ടരും അപലപിക്കുന്നുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമല്ലെന്നതാണ് വസ്തുത.