സിറ്റി റെയ്‌ഡിന്‌ റയാല്‍ ഇന്ന്‌ മാഞ്ചസ്‌റ്ററില്‍

09:01am 26/4/2016
download (5)
ലണ്ടന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ സെമിഫൈനല്‍ ആദ്യപാദത്തിന്‌ ഇന്നു തുടക്കം. ഒന്നാം സെമിയില്‍ ലണ്ടനിലെ എത്തിഹാദ്‌ സ്‌റ്റേഡിയത്തില്‍ സ്‌പാനിഷ്‌ വമ്പന്മാരായ റയാല്‍ മാഡ്രിഡിന്‌ ഇംഗ്ലീഷ്‌ ടീം മാഞ്ചസ്‌റ്റര്‍ സിറ്റി ആതിഥേയരാകും.
ക്ലബ്‌ ചരിത്രത്തില്‍ നടാടെ സിറ്റി അവസാന നാലില്‍ ഇടംപിടിക്കുന്നത്‌. ക്വാര്‍ട്ടര്‍ഫൈനലില്‍ ഫ്രഞ്ച്‌ ചാമ്പ്യന്മാരായ പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌നെയാണ്‌ സിറ്റി തോല്‍പിച്ചത്‌.
മറുവശത്ത്‌ ജര്‍മന്‍ ക്ലബ്‌ വൂള്‍ഫ്‌സ്ബര്‍ഗിനെതിരേ മിന്നുന്ന തിരിച്ചുവരവ്‌ നടത്തിയാണ്‌ റയാല്‍ സെമിയില്‍ എത്തിയത്‌. ക്വാര്‍ട്ടര്‍ഫൈനലിന്റെ ആദ്യപാദത്തില്‍ 2-0ന്‌ തോറ്റശേഷം സ്വന്തം മണ്ണില്‍ വൂള്‍ഫ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ചായിരുന്നു റയാലിന്റെ മുന്നേറ്റം.
എന്നാല്‍ ഇന്ന്‌ സിറ്റിയെ നേരിടാനിറങ്ങുമ്പോള്‍ റയാലിന്‌ അത്രകണ്ട്‌ ആത്മവിശ്വാസമില്ല. എതിരാളികളുടെ വമ്പല്ല കാരണം; മറിച്ച്‌ സൂപ്പര്‍ താരങ്ങളായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും കരീം ബെന്‍സേമയ്‌ക്കുമേറ്റ പരുക്കാണ്‌.
സ്‌പാനിഷ്‌ ലാ ലിഗയില്‍ വിയ്യാറയാലിനെതിരായ മത്സരത്തിലാണ്‌ റൊണാള്‍ഡോയ്‌ക്ക് പരുക്കേറ്റത്‌. പരുക്കിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം റയോ വയ്യെക്കാനോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. ഈ മത്സരത്തിലാണ്‌ ബെന്‍സേമയ്‌ക്കു പരുക്കേറ്റത്‌. ഇതിനെത്തുടര്‍ന്ന്‌ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച്‌ താരത്തെ പിന്‍വലിച്ചിരുന്നു.
എന്നാല്‍ പരുക്കിനെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്നും ഇരുവരും സിറ്റിക്കെതിരേ കളത്തിലിറങ്ങുമെന്നും കോച്ച്‌ സിനദിന്‍ സിദാന്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ സഥിരീകരണം ഒന്നുമില്ല.
മറുവശത്ത്‌ സിറ്റി മുഴുവന്‍ ശക്‌തിയുമായാണ്‌ കളത്തിലിറങ്ങുന്നത്‌. കെവിന്‍ ഡിബ്രുയ്‌നും വിന്‍സെന്റ്‌ കൊംപനിയും വിശ്രമത്തിനു ശേഷം തിരിച്ചെത്തുന്നത്‌ ടീമിന്‌ കരുത്തു പകരും. റഹീം സ്‌റ്റെര്‍ലിങ്‌, സെര്‍ജിയോ അഗ്യൂറോ എന്നിവരും മികച്ച ഫോമിലാണ്‌. കഴിഞ്ഞ ദിവസം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ സ്‌റ്റോക്‌ സിറ്റിക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ സ്‌ട്രൈക്കര്‍ യായാ ട്യൂറെയ്‌ക്ക് ഇന്നു കളിക്കാനാകുമോ എന്നതു സംബന്ധിച്ച്‌ സിറ്റി ക്യാമ്പില്‍ ആശങ്കയുണ്ട്‌.