സിവില്‍ സര്‍വ്വീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

11.51 PM 10-05-2016

2015 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ദില്ലി സ്വദേശി ടിന ഡാബിക്കാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിനുള്ളില്‍ മലയാളികളാരുമില്ല. ഇരുപത്തിരണ്ട് വയസുകാരി ടിന ഡാബി ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് കടമ്പ ഒന്നാമതായി മറികടന്നു. ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയാണ് ടിന.
ഐ.എ.എസില്‍ ഹരിയാന കേഡര്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ടിന പറയുന്നു. വിജയമന്ത്രമെന്താണ് എന്ന ചോദ്യത്തിന് കഠിനാധ്വാനവും ചിട്ടയായ പഠനവുമെന്ന് ടിനയുടെ മറുപടി. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ അതര്‍ ആമിര്‍ ഉള്‍ ഷാഫിഖാനാണ് രണ്ടാം റാങ്ക്.
മണ്ഡി ഐ.ഐ.ടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അതര്‍ രണ്ടാമത്തെ അവസരത്തിലാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. ദില്ലി സ്വദേശിയായ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥ ജസ്മീത് സിംഗ് സന്ധുവിനാണ് മൂന്നാം റാങ്ക്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഗ്രൂപ്പ് എ, ബി എന്നിവയിലുള്‍പ്പെടെ 1078 പേരാണ് യോഗ്യത നേടിയത്.