01.35 AM 10/09-2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികള്‍ നാളെ (സെപ്റ്റംബര്‍ 10 ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് താഫ്റ്റ് ഹൈസ്കൂളില്‍ (6530 w Bryn Mawr Ave) ഓണസദ്യയോടുകൂടി ആരംഭിക്കുമെന്നു ഭാരവാഹികളായ ടോമി അമ്പേനാട്ട്, ബിജി സി. മാണി, സ്റ്റാന്‍ലി കളരിക്കമുറി എന്നിവര്‍ അറിയിച്ചു.
മുഖ്യാതിഥിയായ മലയാള ചലച്ചിത്രതാരം റീബാ മോണിക്കാ ജോണിനെ ചിക്കാഗോ ഒഹയര്‍ വിമാനത്താവളത്തില്‍ ഭാരവാഹികള്‍ സ്വീകരിച്ചു. വിവിധ ബോര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. സാംസ്കാരിക ഘോഷയാത്ര (തൊമ്മന് പൂഴിക്കുന്നേല്‍, മത്തിയാസ് പുല്ലാപ്പള്ളില്‍), ടിക്കറ്റ് വില്പന (ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജേക്കബ് മാത്യു പുറയംപള്ളില്‍, ഫിലിപ്പ് പുത്തന്‍പുര), ചെണ്ടമേളം (ജിതേഷ് ചുങ്കത്ത്), മാവേലി മന്നന് (ജോഷി പുത്തൂരാന്‍), താലപ്പൊലിയും ഓണാഘോഷ അലങ്കാരങ്ങളും (ജൂബി വള്ളിക്കളം, ജെസ്സി റിന്‍സി), ടിക്കറ്റ് കളക്ഷന്‍ (രഞ്ചന്‍ ഏബ്രഹാം), ഓണസദ്യ (ഷാബു മാത്യു, ജിമ്മി കണിയാലി) എന്നിങ്ങനെ വിവിധ പരിപാടികള്‍ക്ക് ബോര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്കുന്നു.
ഓണസദ്യ കൃത്യം 4 മണി മുതല്‍ 6 മണി വരെയായിരിക്കും എന്നതിനാല്‍ എല്ലാ മലയാളികളും നേരത്തെ തന്നെ താഫ്റ്റ് ഹൈസ്കൂളില്‍ എത്തിച്ചേരണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.