സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 10-ന്

06.36 PM 04-09-2016
unnamed (10)
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: സി.എം.എസ് മിഷണറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലുള്ള സി.എസ്.ഐ ഇടവകകളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മാസം പത്താംതീയതി സ്‌തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും ക്വയര്‍ ഫെസ്റ്റിവലും നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ പത്തിന് ഉച്ചകഴിഞ്ഞ് 2.30-ന് സ്‌തോത്ര ശുശ്രൂഷ ആരംഭിക്കും. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

വൈകിട്ട് 4.30-ന് പൊതുസമ്മേളനവും ക്വയര്‍ ഫെസ്റ്റിവലും നടത്തപ്പെടുന്നതാണ്. ബിഷപ്പ് തോമസ് കെ. ഉമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് എപ്പിസ്‌കോപ്പല്‍ ഡയോസിസ് ബിഷപ്പ് ആന്‍ഡ്രൂ ഡീച്ചി, ലോംഗ്‌ഐലന്റ് എപ്പിസ്‌കോപ്പല്‍ ബിഷപ്പ് ലോറന്‍സ് പ്രൊവെന്‍സാനോ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഖറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത, സിറിയന്‍ ക്‌നാനായ സഭ അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ്, മലങ്കര സിറിയന്‍ യാക്കോബായ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് യല്‍ദോ മെത്രാപ്പോലാത്ത, ന്യൂയോര്‍ക്ക് എപ്പിസ്‌കോപ്പല്‍ സഭയുടെ സഫ്രഗന്‍ ബിഷപ്പ് അലന്‍ കെ. ഷിന്‍, ബിഷപ്പ് ജോണ്‍സി ഇട്ടി, ന്യൂയോര്‍ക്ക് യു.സി.സി കോണ്‍ഫറന്‍സ് മിനിസ്റ്റര്‍ ഫ്രീമാന്‍ പാമര്‍, മാര്‍ത്തോമാ സഭയുടെ ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുന്നതാണ്.

ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ബോസ്റ്റണ്‍ എന്നിവടങ്ങളില്‍ നിന്നുള്ള സി.എസ്.ഐ സീഫോര്‍ഡ് ഇടവക, സി.എസ്.ഐ ജ്യൂബിലി മെമ്മോറിയല്‍ ഇടവക, സി.എസ്.ഐ ഹഡ്‌സണ്‍വാലി ഇടവക, സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് പെന്‍സില്‍വേനിയ, ഇമ്മാനുവേല്‍ ചര്‍ച്ച് ഫിലാഡല്‍ഫിയ ഇടവക, സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ടാപ്പന്‍, സി.എസ്.ഐ ആല്‍ബനി ഇടവക, അസന്‍ഷണ്‍ സി.എസ്.ഐ ഇടവക ബോസ്റ്റണ്‍ എന്നീ ഇടവകകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് റവ. ബിജു ജോണ്‍ (ജൂബിലി മെമ്മോറിയല്‍ ഇടവക), മാത്യു ജോഷ്വാ (സീഫോര്‍ഡ് ഇടവക) എന്നിവര്‍ കണ്‍വീനര്‍മാരായ വിപുലമായ ഒരു കമ്മിറ്റിയാണ്.

സ്‌തോത്രശുശ്രൂഷയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുവാന്‍ വന്‍ ഒരുക്കങ്ങളാണ് ഓരോ ഇടവകകളിലും നടക്കുന്നത്. സ്‌തോത്രശുശ്രൂഷ, റാലി, പൊതുസമ്മേളനം, ക്വയര്‍ ഫെസ്റ്റിവല്‍ എന്നിവയില്‍ പങ്കെടുക്കാന്‍ എല്ലാ സി.എസ്.ഐ സഭാ വിശ്വാസികളേയും പ്രത്യേകം ക്ഷണിക്കുന്നു.