സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന നേതൃത്വത്തിന്‍െറ വിമര്‍ശം

09:23 am 4/10/2016
images
തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണകാലത്ത് പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് നേതൃത്വം നല്‍കിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന നേതൃത്വത്തിന്‍െറ വിമര്‍ശം. പയ്യന്നൂരിലെ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് നേതൃത്വം നല്‍കിയ ജയരാജന്‍െറ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റാണ് വിലയിരുത്തിയത്. ഇതടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വായിച്ചു. തുടര്‍ന്ന് വിമര്‍ശം ഉള്‍ക്കൊള്ളുന്നതായി ജയരാജന്‍ യോഗത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരത്തില്‍ പരസ്യമായ പ്രതിഷേധസമരം നടത്തുന്നത് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആക്രമിക്കാന്‍ ആയുധമിട്ടുകൊടുക്കലാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സമീപനം തിരുത്തേണ്ടതാണ്. പൊലീസുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാറുമായി സംസാരിച്ച് തീര്‍ക്കുകയാണ് വേണ്ടതെന്നും ജയരാജനെ ഓര്‍മപ്പെടുത്തി. എന്നാല്‍, പയ്യന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തില്‍ പങ്കുചേരാതിരിക്കാന്‍ പറ്റുമായിരുന്നില്ളെന്ന് ജയരാജന്‍ വിശദീകരണം നല്‍കി. എങ്കിലും ഭാവിയില്‍ പിഴവുകള്‍ ആവര്‍ത്തിക്കാതെ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ബി.എം.എസ് പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകനായ നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് സ്റ്റേഷന്‍ ഉപരോധം.

സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനനും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പയ്യന്നൂര്‍ എം.എല്‍.എയുമായ സി. കൃഷ്ണനും അടക്കമുള്ളവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ജയരാജന്‍െറ പ്രസംഗം വിവാദമായിരുന്നു.