സി.പി.ഐയും സി.പി.എമ്മും പ്രവർത്തിക്കുന്നത് ഐക്യത്തോടെ -കോടിയേരി

03:10 pm 30/08/2016
images (11)
തിരുവനന്തപുരം: ഐക്യത്തോടെയാണ് സി.പി.എമ്മും സി.പി.ഐയും പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐക്യത്തിന്‍റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിനുണ്ടായ ഉജ്വല വിജയം. ഈ അവസരത്തിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഭിന്നത മൂർച്ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്നത് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അഖിലേന്ത്യാ തലത്തിലോ സംസ്ഥാന തലത്തിലോ രണ്ട് പാർട്ടികളും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ ഇരു പാർട്ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഇരു പാര്‍ട്ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അത് പരസ്യമായി പറയേണ്ടതില്ല. അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ലെന്ന് 1964 കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലയമായ ഇടതുപക്ഷ ഐക്യത്തിന് സി.പി.ഐ തയാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.