08:56 am 22/6/2017
കോയമ്പത്തൂർ: കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അറസ്റ്റിലായ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ ഒളിവിൽ കഴിഞ്ഞത് കോയമ്പത്തൂരിലെ മകെൻറ വീട്ടിൽ. പശ്ചിമബംഗാൾ പൊലീസ് തേടുന്നതിനിടെ ഇദ്ദേഹം ഇതിന് മുമ്പ് രണ്ടുതവണ ഇതേവീട്ടിൽ വന്നുപോയിരുന്നു. ഒളിവിൽ താമസിക്കാൻ സഹായിച്ച കേന്ദ്രങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. കോയമ്പത്തൂരിന് സമീപം മധുക്കര മാസക്കൗണ്ടൻപാളയം എലൈറ്റ് ഗാർഡൻ കോളനിയിലെ പുതിയ വീട്ടിൽനിന്നാണ് ചൊവ്വാഴ്ച രാത്രി കർണനെ അറസ്റ്റ് ചെയ്തത്.
മകൻ കമൽനാഥ് ഇവിടെ 35 ലക്ഷം രൂപ ചെലവിൽ ഇരുനില കെട്ടിടം പണിതിരുന്നു. ഇതിന് സമീപം 12 വീടുകളുടെ നിർമാണവും നടക്കുന്നുണ്ട്. കർണൻ താമസിച്ചിരുന്ന വീട്ടിൽ കട്ടിൽ, ബെഡ്ഷീറ്റ്, എയർകൂളർ എന്നിവ മാത്രമാണുണ്ടായിരുന്നത്. സ്യൂട്ട്കേസും കണ്ടെടുത്തു. കർണെൻറ അകന്ന ബന്ധുവും സിവിൽ എൻജിനീയറുമായ കോയമ്പത്തൂർ ശരവണംപട്ടിയിലെ രാജേന്ദ്രനാണ് കമൽനാഥിെൻറ വീട് നിർമാണപ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. എലൈറ്റ് ഗാർഡനിലെ മറ്റ് വീടുകളുടെ നിർമാണ ചുമതലയും രാജേന്ദ്രനാണ്. ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയത് ഇദ്ദേഹമാണ്. രാജേന്ദ്രെൻറ കീഴിൽ ജോലി ചെയ്തിരുന്ന മധുക്കര കുറുമ്പപാളയം ശക്തിവേലാണ് കർണന് ഭക്ഷണം എത്തിച്ചിരുന്നത്. ഹൈകോടതി ജഡ്ജിയാെണന്ന് അറിയാമായിരുന്നെങ്കിലും പൊലീസ് തേടുന്നയാളാണെന്ന് ശക്തിവേലിനറിയില്ലായിരുന്നു. പ്രദേശവാസികൾ കർണനെ തിരിച്ചറിഞ്ഞിരുന്നില്ല.
സൗകര്യങ്ങളില്ലാത്ത വീട്ടിൽ തനിച്ച് കഴിയുന്നതിനെക്കുറിച്ച് കർണനോട് ചോദിച്ചിരുന്നെന്നും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നെന്നും ശക്തിവേൽ പറയുന്നു. തൂത്തുക്കുടിയിലെ അഭിഭാഷകൻ മാണിക്കം, കർണനെ സന്ദർശിച്ചിരുന്നതായും വിവരം ലഭിച്ചു. അറസ്റ്റ് സമയത്ത് മാണിക്കവും വീട്ടിലുണ്ടായിരുന്നു. ജൂൺ 18നാണ് കർണൻ കോയമ്പത്തൂരിലെത്തിയത്. മൊൈബൽഫോൺ സിഗ്നലുകളുടെ അടിസ്ഥാനത്തിൽ പശ്ചിമബംഗാൾ പൊലീസ് ടീം രണ്ടുദിവസം മുമ്പാണ് കോയമ്പത്തൂരിലെത്തിയത്. ഇവരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന എസ്.പിമാരായ ഡോ. സുധാകർ, ശെൽവമുരുകൻ എന്നിവരുൾപ്പെട്ട തമിഴ്നാട് പൊലീസും ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലെത്തി.
കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ എ. അമൽരാജിനെ സന്ദർശിച്ച സുധാകർ സിറ്റി സൈബർ ക്രൈം പൊലീസിെൻറ സഹായം തേടി. ഇൻസ്പെക്ടർ ചന്ദ്രശേഖരൻ, എസ്.െഎ ശാസ്ത എന്നിവരുൾപ്പെട്ട നാലംഗസംഘത്തിെൻറ സേവനം വിട്ടുകൊടുത്തു. ഇവരാണ് ഒളിവുകേന്ദ്രം സംബന്ധിച്ച വിവരം ശേഖരിച്ചത്. കർണൻ താമസിച്ചിരുന്ന വീട്ടിൽ ചന്ദ്രശേഖരനും ശാസ്തയുമാണ് ആദ്യംകയറിയത്. കണ്ടയുടൻ പൊലീസാണോയെന്ന് കർണൻ ആരാഞ്ഞു. കോയമ്പത്തൂർ സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരാണെന്നും അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസ് എത്തിയിട്ടുണ്ടെന്നും അറിയിച്ചപ്പോൾ ക്ഷുഭിതനായി. വാറൻറുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉത്തരവ് കാണിച്ചു. പിന്നീട് കർണൻ ബംഗാൾ പൊലീസുകാരുമായി തർക്കിച്ച് അറസ്റ്റിന് വഴങ്ങാതെ ബഹളംവെച്ചു. തുടർന്ന് പൊലീസുദ്യോഗസ്ഥർ ഇത് തങ്ങളുടെ ഡ്യൂട്ടി മാത്രമാണെന്നും മറ്റും പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു.