സീരിയല്‍ താരത്തിന്റെ മരണം; കാമുകന്‍ കസ്റ്റഡിയില്‍

01-40 PM 02-04-2016
pratyusha-banerjee-03
സീരീയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രാഹുല്‍ രാജുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയം.
വെള്ളിയാഴ്ച പ്രത്യുഷ അവസാനമായി കുറിച്ച വാട്‌സ്ആപ്പ് സ്റ്റാറ്റ്‌സില്‍ മരണത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ‘മരണത്തിനുശേഷവും ഞാന്‍ നിന്ന് മുഖം തിരിക്കില്ല’ എന്നായിരുന്നു സ്റ്റാറ്റസ്. രാഹുല്‍ രാജുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമായതെന്നു സംശയിക്കാന്‍ കഴിയുന്ന വരികളാണിവ. രാഹുലിനെ വിവാഹം കഴിക്കുമെന്നുള്ള സൂചനകള്‍ പ്രത്യുഷ സുഹൃത്തുകള്‍ക്ക് നല്‍കിയിരുന്നു. മുന്‍ കാമുകന്‍ മകരന്ദ് മല്‍ഹോത്ര എന്ന വ്യവസായിയുമായി പ്രശ്‌നങ്ങളെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.
മുംബൈയിലെ വസതിയില്‍ മരിച്ചുകിടക്കുന്നതായി പരമ്പരയില്‍ ഒപ്പം അഭിനയിക്കുന്ന സുഹൃത്ത് സിദ്ധാര്‍ഥ് ശുക്ലയാണ് പോലീസില്‍ അറിയിച്ചത്. ബാലിക വധു എന്ന പ്രശസ്തമായ ടെലിവിഷന്‍ പരമ്പരയിലെ ആനന്ദിയെന്ന കഥാപാത്രത്തിലൂടെയാണ് യുവനടി സീരിയല്‍രംഗം കീഴടക്കിയത്. പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന ഏതാനും ടെലിവിഷന്‍ പരമ്പരകളിലും പരിപാടികളിലും പ്രത്യുഷ പങ്കെടുത്തുവരുകയായിരുന്നു. ഹം ഹെ നാ ആണ് ഒടുവില്‍ പങ്കെടുത്ത കലാപരിപാടി.