സീറോ മലബാര്‍ കത്തീഡ്രലില്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ കൃതജ്ഞതാബലി

10:08 am 29/9/2016

ബീന വള്ളിക്കളം
Newsimg1_72098264
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ രണ്ടാം മെത്രാഭിഷേക വാര്‍ഷികത്തിന്റേയും, ഷഷ്ഠിപൂര്‍ത്തിയുടേയും സന്തോഷസൂചകമായി അതിമനോഹരമായ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടു.

മാര്‍ ജോയി ആലപ്പാട്ടിനൊപ്പം രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, അസി. വികാരി ഫാ. ജയിംസ് ജോസഫ്, മുന്‍ വികാരി ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. ബെഞ്ചമിന്‍, ഫാ. ജോസഫ് അറയ്ക്കല്‍, ഫാ. ഫ്രാന്‍സീസ് തെക്കേഅറ്റം എന്നിവരും പങ്കുചേര്‍ന്നു.

തന്റെ ജീവിതത്തില്‍ 60 വര്‍ഷക്കാലം ലഭിച്ച എല്ലാ നന്മകള്‍ക്കായും ദൈവത്തിനു കൃതജ്ഞത അര്‍പ്പിച്ച ജോയി പിതാവ്, തന്നോടൊപ്പം ബലിയര്‍പ്പിച്ച ബഹുമാനപ്പെട്ട ജേക്കബ് അങ്ങാടിയത്ത് പിതാവിനും, മറ്റെല്ലാ വൈദീകര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. പ്രാര്‍ത്ഥനകളില്‍ രൂപതയിലെ എല്ലാ വിശ്വാസികളേയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നുവെന്നും ഏവരുടേയും പ്രാര്‍ത്ഥനകള്‍ തന്റെ അജപാലന ദൗത്യം ഭംഗിയായി നിറവേറ്റുന്നതിനു നല്‍കണമേ എന്നും പിതാവ് സന്ദേശമധ്യേ അഭ്യര്‍ത്ഥിച്ചു. മാതാവിനോടുള്ള ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ജോയി പിതാവ് ജീവിതത്തില്‍ പരിശുദ്ധ അമ്മയും, ജന്മം നല്‍കിയ അമ്മയും ചെലുത്തുന്ന സ്വാധീനം എത്രമാത്രം അനുഗ്രഹപ്രദമാണെന്നതു മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കി.

ഇടവക ജനങ്ങളുടെ പ്രതിനിധികളായി ട്രസ്റ്റിമാരായ മനീഷ് ജോസഫ്, പോള്‍ പുളിക്കന്‍, ആന്റണി ഫ്രാന്‍സീസ്, ഷാബു മാത്യു എന്നിവര്‍ പൂച്ചെണ്ട് നല്‍കി പിതാവിനെ അനുമോദിച്ചു. ഗായകസംഘം പ്രത്യേക അജപാലന ഗാനം ആലപിച്ചു. ഫ്രാന്‍സീസ് പാപ്പയുടെ എളിമയും, ലാളിത്യത്തിന്റെ ജീവിതമാതൃകയും ഏവരും പിന്തുടരുവാനും പിതാവ് പ്രത്യേകം ആഹ്വാനം ചെയ്യുകയുണ്ടായി.