സീറോ മലബാര്‍ കത്തീഡ്രലില്‍ സംയുക്ത തിരുനാള്‍ ആഘോഷം

09:16 4/10/2016

– ബീന വള്ളിക്കളം
Newsimg1_10694153
ഷിക്കാഗോ: ചെറുപുഷ്പം എന്നറിയപ്പെടുന്ന വി. കൊച്ചുത്രേസ്യയുടേയും, മിഷണറി സംഘടനകളുടെ മധ്യസ്ഥനായ വി. വിന്‍സെന്റ് ഡി പോളിന്റേയും തിരുനാള്‍ സംയുക്തമായി ഒക്‌ടോബര്‍ രണ്ടാം തീയതി സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷിച്ചു. റവ.ഫാ. പോള്‍ ചൂരത്തൊട്ടിയിലിനോടൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. ജയിംസ് ജോസഫ് എന്നിവരും പങ്കുചേര്‍ന്നു. കരുണയുടെ ഈവര്‍ഷത്തില്‍ പാവങ്ങളോടും, അവശരോടും കാരുണ്യം കാണിച്ച വിന്‍സെന്റ് ഡി. പോളിന്റെ മാതൃക ഏറ്റവും പ്രസക്തമാണെന്നു പോളച്ചന്‍ പറഞ്ഞു. ആദ്ധ്യാത്മിക ശിഷ്യത്വമാണ് ദൈവീക നന്മകള്‍ സ്വായത്തമാക്കാനുള്ള കുറുക്കുവഴി എന്നു പ്രഘോഷിച്ച വി. കൊച്ചുത്രേസ്യയുടെ വഴി പിന്തുടര്‍ന്ന് ലളിതമായ പ്രാര്‍ത്ഥനാജീവിതം നയിക്കുവാനും അച്ചന്‍ ഏവരേയും ഉത്‌ബോധിപ്പിച്ചു. “സത്‌പ്രേരണകള്‍ മാത്രം നല്‍കുക, ദുഷ്‌പ്രേരണകള്‍ നല്‍കാതിരിക്കുക, ചുറ്റുമുള്ള പാവങ്ങളെ കാണാതിരിക്കരുത്’ എന്നീ വാചകങ്ങളില്‍ ഈ വിശുദ്ധരുടെ ജീവിതമാതൃക സംക്ഷിപ്തമായി ചുരുക്കുവാന്‍ കഴിയുമെന്നും, ഈ വാചകങ്ങളുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കി ഏവരും ജീവിക്കാന്‍ ശ്രമിക്കണമെന്നും അച്ചന്‍ സന്ദേശമധ്യേ ഉത്‌ബോധിപ്പിച്ചു. ആഘോഷമായ പ്രാര്‍ത്ഥനകള്‍ക്കും, പ്രദക്ഷിണത്തിനുംശേഷം പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണവുമുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്കായുള്ള ഇംഗ്ലീഷ് ദിവ്യബലിയില്‍ വി. കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആഘോഷിച്ചു. കുട്ടികള്‍ക്കായി ജീവചരിത്ര ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇടവകയിലെ കുടുംബങ്ങളാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.