സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി വര്‍ണ്ണാഭമായി

08:47am 21/5/2016
– ബീന വള്ളിക്കളം
Newsimg1_52453707
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കഴിഞ്ഞ 25 വര്‍ഷമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മതബോധന സ്കൂള്‍, സുപ്രധാനമായ നാഴികക്കല്ലായ 25 വര്‍ഷം പിന്നിടുമ്പോള്‍ മെയ് ഏഴാം തീയതി നടന്ന ആഘോഷങ്ങള്‍ ഏറെ ഭംഗിയായി. ഈ വിശ്വാസപരിശീലന കേന്ദ്രത്തിലൂടെ നാളിതുവരെ കടന്നുവന്ന അധ്യാപകരും, വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും ഒന്നിച്ചുചേര്‍ന്ന ഒരു അപൂര്‍വ്വ സംഗമവേദിയായിരുന്നു ഇത്.

ഫാ. ടോം പന്നലക്കുന്നേല്‍, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ നടന്നു. തുടര്‍ന്ന് അധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ അവരുടെ വിശ്വാസ പരിശീലകര്‍ക്കുള്ള സ്ഥാനം ഏറെ വലുതാണെന്ന് ഫാ. ടോം പറഞ്ഞു. വിശ്വാസത്തിലധിഷ്ഠിതമായ ജീവിതത്തിന്റെ നല്ലപാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും, അവരുടെ സേവനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. ദേവാലയത്തില്‍ വച്ചു നടന്ന പരിപാടികള്‍ക്ക് അസി. ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസ്, സെക്രട്ടറി റാണി കാപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാഗ്രേഡിലുമുള്ള കുഞ്ഞുങ്ങളുടെ പ്രതിനിധികള്‍ പ്രദക്ഷിണമായി കത്തിച്ച മെഴുകുതിരികള്‍ അള്‍ത്താരയില്‍ സമര്‍പ്പിച്ച് ഏവര്‍ക്കുമായി പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ രജിസ്ട്രാര്‍ സോണി തേവലക്കര അവതരണം ഭംഗിയായി നടത്തി. നാളിതുവരെയുള്ള നാഴികക്കല്ലുകളുടെ ഓര്‍മ്മക്കുറിപ്പുകളുമായി നടത്തിയ സ്ലൈഡ് ഷോ, വിവിധ ക്ലാസിലെ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, അവസരോചിതമായ ഗാനാവതരണങ്ങള്‍ എന്നിവ വളരെ മനോഹരമായി. “നോഹയുടെ പെട്ടകം, “ജെറീക്കോ മതില്‍’ എന്നീ ദൃശ്യാവതരണങ്ങള്‍ ഏറെ ഭംഗിയായി അവതരിപ്പിക്കപ്പെട്ടു.

മതബോധന സ്കൂള്‍ ഡയറക്ടര്‍മാരെ ഉള്‍ക്കൊള്ളിച്ചു നടത്തിയ ചര്‍ച്ച 25 വര്‍ഷത്തെ വളര്‍ച്ചയുടെ ഏടുകളിലേക്കുള്ള ഒരു കടന്നുപോകലായി. ആദ്യ ഡയറ്കടറായ ജോസുകുട്ടി നടയ്ക്കപ്പാടം, തോമസ് മൂലയില്‍, സി. ജെസ്‌ലിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡയറക്ടറായിരുന്ന ജയിംസ് വലിയവീട്ടിലിന് പ്രത്യേകം നന്ദി അര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് എല്ലാവര്‍ഷവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫാ. മാത്യു കുര്യാളശേരി അവാര്‍ഡ് പ്രഖ്യാപിച്ചു. അബ്രഹാം- ഡെസി ദമ്പതികളുടെ മകളായ അഖില അബ്രഹാമിനാണ് ഈവര്‍ഷത്തെ അവാര്‍ഡ്.

മതപീഡനത്തിലൂടെ കടന്നുപോകുന്ന സിറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിശ്വാസികളെ ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മ്മിച്ചു. തടങ്കലിലായിരിക്കുന്ന ഫാ. ടോം ഉഴുന്നാലിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും നടത്തി. മതബോധന സ്കൂളിന്റെ ഭാഗഭാക്കുകളായ മരണം വഴി വേര്‍പിരിഞ്ഞ എല്ലാ ആത്മാക്കള്‍ക്കായും പ്രത്യേകം അനുസ്മരണം നടന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, രൂപതാ മതബോധന ഡയറക്ടറും ഇടവക വികാരിയുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ എന്നിവരുടെ അനുമോദനങ്ങളും പ്രാര്‍ത്ഥനകളും അറിയിക്കുന്നതായി ഡയറക്ടര്‍ സി. ജസ്‌ലിന്‍ സി.എം.സി പറഞ്ഞു. ഈ വിശ്വാസ പരിശീലന സംരംഭത്തില്‍ സഹകരിക്കുന്ന ഏവരേയും ദൈവം ധാരാളം അനുഗ്രഹിക്കപ്പെടട്ടെയെന്നും എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നതായും സിസ്റ്റര്‍ അറിയിച്ചു. അധ്യാപകരും മാതാപിതാക്കളും വിമന്‍സ് ഫോറവുമടങ്ങുന്ന വലിയൊരു ടീം ഈ സംരംഭം വിജയകരമാക്കാന്‍ സഹായിച്ചു.