സീറോ മലബാര്‍ മലയാളം സ്കൂള്‍ വാര്‍ഷികാഘോഷം അതിമനോഹരമായി

08:40am 21/5/2016
– ബീന വള്ളിക്കളം
Newsimg1_32910107
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ മെയ് 15-നു നടന്നു. കുഞ്ഞുങ്ങളുടെ മനോഹരമായ പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം അലീന ഡൊമിനിക് ഏവരേയും സ്വാഗതം ചെയ്തു. ഉദ്ഘാടന സന്ദേശം നല്‍കിയ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ മലയാള ഭാഷയോടുള്ള ആഭിമുഖ്യവും, പാരമ്പര്യമൂല്യങ്ങളെക്കുറിച്ചുള്ള അവബോധവും കുഞ്ഞുങ്ങളില്‍ വളര്‍ത്തുവാനായി മലയാളം സ്കൂള്‍ നടത്തുന്ന പരിശ്രമങ്ങളെ ശ്ശാഘിച്ചു. ജോജോ വെങ്ങാന്തറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു., വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ മലയാള ഗാനങ്ങള്‍ അതിമനോഹരമായി.

മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ റോയി തോമസ് വരകില്‍പറമ്പില്‍ തന്റെ സന്ദേശത്തില്‍ സഹപ്രവര്‍ത്തകരായ ഏവര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. 170 വിദ്യാര്‍ത്ഥികളും 34 അധ്യാപകരുമടങ്ങുന്ന സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന ഏവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളം സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ മാസം നടത്തുന്നതാണെന്നു റോയ് തോമസ് അറിയിച്ചു.

തദവസരത്തില്‍ പത്തു കുട്ടികള്‍ വിദ്യാരംഭം കുറിക്കുകയുണ്ടായി. ഈവര്‍ഷം സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ 13 കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു. മലയാളം വാരത്തില്‍ നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങളും കുട്ടികള്‍ക്ക് നല്‍കി. വാര്‍ഷികാഘോഷദിനത്തില്‍ നടന്ന സ്‌പെല്ലിംഗ് ബീയില്‍ അലീന ഡൊമിനിക്കും, റീമ ചിറയിലും വിജയികളായി.

മലയാളം സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കായി നല്‍കുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ അവാര്‍ഡിന് ആല്‍വിന്‍ ജോസഫ് പുതുക്കുളം അര്‍ഹനായി. പഠന-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മികവു കാട്ടുന്ന ആല്‍വിന്‍ പുതുക്കുളം ബെന്നി – സോഫി ദമ്പതികളുടെ മകനാണ്.

ജെഫ്രിന്‍ ജോസഫിന്റെ കൃതജ്ഞതയോടെ ആഘോഷങ്ങള്‍ സമാപിച്ചു. അലന്‍ കുഞ്ചെറിയയും, ജോര്‍ളി തരിയത്തും അവതാരകരായിരുന്നു. ചടങ്ങുകള്‍ക്കും മത്സരങ്ങള്‍ക്കും റോസമ്മ തെനിയംപ്ലാക്കല്‍, ആന്റണി ആലുംപറമ്പില്‍ എന്നിവരോടൊപ്പം മലയാളം സ്കൂള്‍ അധ്യാപകരും നേതൃത്വം നല്‍കി. കേരളീയ മൂല്യങ്ങളുടെ പിന്തുടര്‍ച്ചയ്ക്കായി മലയാളം സ്കൂള്‍ നല്‍കിവരുന്ന സംഭാവനകളില്‍ മാതാപിതാക്കള്‍ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചു.